കേരളത്തിലെ ആദ്യ സോളാർ പാർക്ക് കാസര്‍കോടിന് സ്വന്തം
text_fieldsകാസർകോട്: 220 കെ.വി അമ്പലത്തറ സോളാര്‍ സബ്സ്റ്റേഷന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തിലെ ആദ്യ സോളാര്‍ പാര്‍ക്കാണ് അമ്പലത്തറയില്‍ പൂര്‍ത്തിയായത്. വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിന് പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നുള്ള ഉൽപാദനം പരമാവധി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ െനഹ്റു നാഷനല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തി നിർമിച്ചതാണ് അമ്പലത്തറ സോളാര്‍ പാര്‍ക്ക്.
50 മെഗാവാട്ട് വൈദ്യുതിയാണ് ലഭ്യമാവുക. ഇവിടെ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി നീക്കം ചെയ്യുന്നതിനായി കെ.എസ്.ഇ.ബി ലിമിറ്റഡ് അമ്പലത്തറയില്‍ 33/220 കെ.വി സബ്സ്റ്റേഷന് നിർമിക്കുകയായിരുന്നു. സോളാര്‍ പ്ലാൻറില്‍നിന്നും ഉൽപാദിപ്പിക്കുന്ന 50 മെഗാവാട്ട് വൈദ്യുതി അഞ്ച് 33 കെ.വി ഫീഡറുകള്‍ വഴി അമ്പലത്തറ സബ്സ്റ്റേഷനില്‍ എത്തും. സബ്സ്റ്റേഷെൻറയും അനുബന്ധ ലൈനുകളുടെയും നിര്‍മാണത്തിനായി 39 കോടി രൂപയാണ് ചെലവായത്.
വിഡിയോ കോണ്‍ഫറന്‍സില്‍ വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. ശിലാഫലകങ്ങളുടെ അനാച്ഛാദനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു, ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ പി. സുരേന്ദ്ര എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻറ് എം. ഗൗരി, മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് അംഗം എം. കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ എന്‍.എസ്. പിള്ള സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ കണ്ണൂര്‍ കെ.എസ്.ഇ.ബി.എല്‍ വി.എന്‍. സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് എ.ഇ.ഇ കെ. സന്തോഷ്‌കുമാര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.