ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ; ഉത്തരവാദി നമ്മൾതന്നെ
text_fieldsകേരളത്തിൽ വീണ്ടും പ്രളയ സമാന സാഹചര്യം ഉടലെടുത്തു. നദികളെല്ലാം കരകവിയുകയും സംഭരണികൾ നിറയുകയും ചെയ്തു. 2018ലും '19ലും സംസ്ഥാനത്ത് പ്രളയം നാശം വിതച്ചിട്ടും കേരളീയർ പഠിക്കാൻ തയാറായില്ലെന്നാണ് വാസ്തവം. ആദ്യപ്രളയത്തിൽ തെക്കൻ ജില്ലകളും മധ്യകേരളവുമാണ് കൂടുതൽ നാശം നേരിട്ടതെങ്കിൽ കഴിഞ്ഞവർഷം വടക്കൻ കേരളത്തെയായിരുന്നു പ്രളയം തകർത്തെറിഞ്ഞത്.
ജലസംഭരണികളിൽ സംഭരിച്ചുവെച്ചിരിക്കുന്ന ജലം താങ്ങാൻ കഴിയാതെ വരുേമ്പാൾ നദികളിലേക്ക് തുറന്നുവിടും. കരതൊട്ട നദികളിലേക്ക് വീണ്ടും വൻതോതിൽ ജലമെത്തുന്നതോടെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ വെള്ളത്തിനിടയിലാകും. മലമുകളിൽ മഴ തിമിർത്തുപെയ്യുന്നതോടെ ഉരുൾപൊട്ടലും മലവെള്ളപാച്ചിലും പതിവായി. മുൻവർഷങ്ങളിൽ കവളപ്പാറയും പുത്തുമലയുമായിരുന്നു ദുരന്തഭൂമിയെങ്കിൽ ഇത്തവണ രാജമലയിലെ പെട്ടിമുടിയായിരുന്നു. ചിലർ ഇപ്പോഴും മണ്ണിനടിയിൽ. കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവിൽ വലിയ വ്യത്യാസം വന്നിട്ടില്ല. എന്നാൽ രണ്ടു ദിവസം മഴ നിന്നുപെയ്താൽ കേരളത്തിെൻറ താഴ്ന്ന പ്രദേശങ്ങെളല്ലാം വെള്ളത്തിനടിയിലാകും.
മണ്ണിടിച്ചിലുകൾ മനുഷ്യ നിർമിതംതന്നെ
സംസ്ഥാനത്തെ അധികൃത ക്വാറികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് അനുമതിയുള്ള ക്വാറികൾ. മുകൾ ഭാഗത്തുനിന്നും വശങ്ങളിൽനിന്നും മണ്ണെടുത്ത ശേഷം അതിനകത്തെ പാറ പൊട്ടിച്ചെടുക്കുന്നതാണ് ക്വാറികളിലെ പ്രവർത്തനം. ഇത്തരത്തിൽ പാറപൊട്ടിച്ചെടുക്കുേമ്പാൾ വലിയ ഗർത്തങ്ങളായിരിക്കും രൂപപ്പെടുക. മഴ വരുേമ്പാൾ ഇത്തരം ഗർത്തങ്ങളിൽ വെള്ളം നിറയും. ഒരു സ്ഥലത്ത് മാത്രം ഇത്തരത്തിൽ ഗർത്തങ്ങൾ ഉണ്ടാകുകയും അവിടെ ഒരു മഴ പെയ്താലും യാതൊരു തരത്തിലും ദോഷമുണ്ടാകില്ല. പശ്ചിമഘട്ട മലനിരകളിൽ നിരവധി മനുഷ്യ നിർമിത ഗർത്തങ്ങൾ രൂപപ്പെട്ടുകഴിഞ്ഞു. 700 കിലോമീറ്റർ താഴെ മാത്രമുള്ള പശ്ചിമഘട്ട മലനിരകളിൽ ഇത്തരത്തിലുള്ള അനധികൃത ക്വാറികളുടെ എണ്ണമാകെട്ട ആയിരത്തിലധികവും. അതിലേക്ക് ടൺ കണക്കിന് വെള്ളം മഴ പെയ്യുന്നതോടെ നിറയും. പ്രകൃതിക്ക് താങ്ങാൻ കഴിയുന്നതിലധികം വെള്ളം ഇതിൽ നിറയുകയും ഇതോടെ ഈ മേഖലയിൽ സമ്മർദം കൂടുകയും ചെയ്യും.
മലനിരകൾക്ക് താഴെ മിക്കവാറും മേഖലകൾ ജനവാസ കേന്ദ്രങ്ങളായിരിക്കും. ഇവിടെ മണ്ണിനെ താങ്ങിനിർത്തുന്ന മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ടാകും. ഇത്തരത്തിൽ ക്വാറികളിൽ അടിയുന്ന വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുകയും മണ്ണ് കുതിരുകയും ചെയ്യും. സാധാരണഗതിയിൽ മണ്ണിലെ ലോലപ്രദേശങ്ങളെ താങ്ങിനിർത്തുക വലിയ മരങ്ങളുടെ വേരുകളായിരിക്കും. മരങ്ങൾ മുറിച്ചുമാറ്റുന്നതോടെ ഇൗ ടൺ കണക്കിന് വെള്ളത്തിൻെറ മർദം ഭൂമിക്ക് താങ്ങാൻ സാധിക്കാതെയാകും. ഇതോടെ ലോലമായ മലനിരകളുടെ ഇടയിൽ രൂപപ്പെട്ട സുഷിരങ്ങളിലൂടെ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങിയ വെള്ളം മുഴുവൻ മലവെള്ളപ്പാച്ചിലായി താഴേക്ക് പതിക്കും. ഇതോടെ താഴ്വാരത്തെ ജനവാസ കേന്ദ്രം മുഴുവൻ മണ്ണിനടിയിലാകും. കേരളത്തിലുണ്ടാകുന്ന 100 ശതമാനം മണ്ണിടിച്ചിലും മനുഷ്യ നിർമിതമെന്ന് ഉറപ്പിച്ചു പറയാനാകും. മലയുടെ സ്വഭാവത്തെ മുഴുവൻ ഇത്തരം പ്രവൃത്തികൾ മാറ്റിമറിക്കും. നിരവധി വലിയ ദുരന്തങ്ങൾ നമ്മുടെ കൺമുന്നിൽ അരങ്ങേറി. ഇനിയെങ്കിലും ഇവ വർഷാവർഷവും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണ്ടേ?. 2018ലെയും '19ലെയും അനുഭവങ്ങൾ നമുക്ക് മുമ്പിലുണ്ട്.
നദിയെ ഒഴുകാൻ സമ്മതിക്കണ്ടേ?
മഴക്ക് പണ്ടുണ്ടായിരുന്ന അളവിൽ മാറ്റം വരാതെ കുറഞ്ഞും കൂടിയും എല്ലാ ദിവസങ്ങളിലും മേഘാവൃതമായിട്ടിരിക്കുകയും ശക്തി കൂടിയും കുറഞ്ഞും പെയ്യുകയും ചെയ്തു. അതിെൻറ കൂടെ ഒരുപാട് വർഷങ്ങൾക്ക് മുമ്പില്ലാതിരുന്ന ഒന്ന് പക്ഷേ പിന്നീട് കേരളത്തിലേക്ക് വന്നു, ഡാമുകൾ. കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിലാണ് വെള്ളം പലയിടത്തും കെട്ടിനിർത്തി ഡാമുകൾ ഉണ്ടാക്കിയെടുത്തത്. 40ലധികം ഡാമുകൾ ഇൗ ചെറിയ കേരളത്തിനകത്ത് നിർമിച്ചു. കെട്ടിക്കഴിഞ്ഞപ്പോൾ... നമ്മൾ ഇവിടെ 44 നദിയുണ്ടെന്ന് വീണ്ടും വീണ്ടും പറഞ്ഞ് ഉൗറ്റംകൊള്ളുമെങ്കിലും ആ നദികളുടെ സ്വഭാവത്തെ മുഴുവനും ഇല്ലാതാക്കി.
ഭാരതപ്പുഴപോലുള്ള നദികളെല്ലാം വെള്ളം നിറഞ്ഞ് നമ്മൾ കാണുന്നത് ഇപ്പോഴാണ്. ഭാരതപ്പുഴയുടെ പല സ്ഥലത്തും പല സമയത്തും തോടുകൾപോലെ മാത്രം നീർച്ചാലുകൾപോലെ മാത്രം വെള്ളം പോകുന്ന ഒരു അവസ്ഥയിലേക്ക് മാറ്റി. ഇതോടെ ഡാം തുറന്നുവിടുേമ്പാൾ കരകളിലെ ഇരു വശങ്ങളിലെയും ജനവാസമേഖലകളിലേക്ക് വെള്ളം ഇരച്ചുകയറും. ദുരന്തങ്ങളിൽ 100 ശതമാനവും മനുഷ്യനിർമിതമെന്ന് പറയാനാകും. വർഷങ്ങളായി നടക്കുന്ന ഇത്തരം ചൂഷണത്തിെൻറ പരിണിത ഫലം അനുഭവിക്കുന്നത് പാവങ്ങളും. ഡാമുകളിൽ വെള്ളം ഒരു പരിധി വരെ മാത്രം നിലനിർത്തിയ ശേഷം തുറന്നുവിടാൻ ശ്രമിക്കണം. നദികളെ കെട്ടിനിർത്തിയിരിക്കുന്ന ഡാമുകൾ തുറന്നുവിടുേമ്പാഴും അവക്ക് സുഗമമായ ഒഴുക്കിന് സാഹചര്യം ഒരുക്കി നൽകണം.
കാലവർഷത്തിെൻറ സ്വഭാവം മാറി
2002ന് ശേഷം കാലവർഷത്തിെൻറ സ്വഭാവംതന്നെ ആകെ മാറി. ജൂണിലും ജൂലൈയിലും നല്ല മഴ കിട്ടിക്കൊണ്ടിരുന്ന സമയത്ത് ഇപ്പോൾ പലപ്പോഴും ജൂണിൽ പത്തോ പതിനഞ്ചോ ദിവസം കനത്ത മഴ കിട്ടുകയും ബാക്കിയുള്ള ദിവസങ്ങളിൽ മേഘങ്ങൾ പോലുമില്ലാത്ത തെളിഞ്ഞ കാലാവസ്ഥയായി വേനൽക്കാലംപോലെ ഒരു പ്രതീതി സൃഷ്ടിക്കുകയും ചെയ്തുവരുന്നു. ജൂലൈയിൽ പോലും മഴ നന്നേ കുറഞ്ഞു. അതിനുശേഷം ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ കുറഞ്ഞുനിൽക്കേണ്ട സമയങ്ങളിൽ മഴ കനത്ത് ശക്തി പ്രാപിക്കുകയും അത് വെള്ളപ്പൊക്കങ്ങൾ വരെ ഉണ്ടാക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തി.
തുലാവർഷ സമയത്ത്, അതായത് ഒക്ടോബർ^ നവംബർ മാസത്തിൽ തെക്കൻ കേരളത്തിൽ മാത്രമാണ് മഴ കൂടുതൽ കിട്ടിക്കൊണ്ടിരുന്നത്. വടക്കൻ കേരളത്തിൽ കുറഞ്ഞ രീതിയിലും. എന്നാൽ ഇപ്പോൾ പല കൊല്ലങ്ങളിലും ഇൗയിടെയായി വടക്കൻ കേരളത്തിലും ഇൗ സമയത്ത് ശക്തമായ മഴ കിട്ടിക്കൊണ്ടിരിക്കുകയോ മഴ തീരെ കുറയുകയോ ചെയ്തുകൊണ്ടിരുന്നു. പൊതുവായി ജൂൺ മുതൽ സെപ്റ്റംബർ അതല്ലെങ്കിൽ ഒക്ടോബർ വരെയുള്ള സമയത്ത് ആകെ കിട്ടുന്ന മഴയിൽ വലിയ വ്യത്യാസം വന്നില്ലയെങ്കിലും മഴയുടെ ഡിസ്ട്രിബ്യൂഷൻ പാറ്റേൺ തന്നെ മാറി.
വിവരങ്ങൾ: പ്രഫ. ഡോ. സി.കെ. രാജൻ (കാലാവസ്ഥാ വിദഗ്ധൻ, കുസാറ്റ് സെൻറർ േഫാർ മൺസൂൺ സ്റ്റഡീസ് മുൻ ഡയറക്ടർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.