പ്രളയം: സർക്കാർ വകുപ്പുകൾ വിപുല വിശദീകരണം നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പ്രളയത്തിെൻറ കാരണവും നഷ്ടപരിഹാരവും അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും സംബന്ധിച്ച ഹരജികളില്‍ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ വിപുലമായ വിശദീകരണം നൽകണമെന്ന് ഹൈകോടതി. വിവിധ സർക്കാർ വകുപ്പുകളായ കേന്ദ്ര ജല കമീഷന്, കെ.എസ്.ഇ.ബി, ഡാം സേഫ്ടി അതോറിറ്റി, ജലസേചന വകുപ്പ്, ദേവസ്വം ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തുടങ്ങിയ എതിർകക്ഷികൾ ഇവരുമായി ബന്ധപ്പെട്ട് ഹരജികളിൽ ആരോപിച്ചിട്ടുള്ള ഒാരോ വാദത്തിനും വിപുലമായ വിശദീകരണം സത്യവാങ്മൂലമായി സമർപ്പിക്കണമെന്നാണ് നിർദേശം.
ഹരജികൾ ഒക്ടോബർ 10ന് പരിഗണിക്കാനായി മാറ്റി. പ്രളയാനന്തരമുള്ള ദുരിതാശ്വാസം, പുനര്‍നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളുന്നയിച്ച് സമര്‍പ്പിച്ച 10ഓളം ഹരജികളില്‍ സെപ്റ്റംബർ 19നും വാദം കേള്‍ക്കും.
കത്തിെൻറ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിക്ക് പുറമെ, വയനാട് എം.പി എം.ഐ ഷാനവാസ്, ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്, എം.പി ജോസഫ്, സി. ആര് നീലകണ്ഠന്, പി.ആര്. ഷാജി, സുധീഷ് വി. സെബാസ്റ്റ്യന്‍, റിങ്കൂ ചെറിയാന്, യൂസഫ്, ടി. ജി മോഹന്‍ദാസ് തുടങ്ങിയവർ സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണനയിലുള്ളത്.
കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ കേസുകള്‍ പരിഗണിക്കുന്നതെന്നും ഇനിയും പ്രളയമുണ്ടായാൽ പ്രതിരോധിക്കേണ്ടത് സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
പ്രളയത്തിെൻറ കാരണമറിയാനും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അണക്കെട്ട് തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട വീഴ്ചകള്‍ കണ്ടെത്താനും വിദഗ്ധരടങ്ങിയ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നാണ് എം.ഐ ഷാനവാസിെൻറ ആവശ്യം. റിസര്‍വോയര്‍ ഓപറേഷന് സംബന്ധിച്ച സ്ഥിരം സംവിധാനം, ദുരന്തനിവാരണം സംബന്ധിച്ച് ഉപദേശക സമിതി രൂപവത്കരണം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.