പ്രളയക്കെടുതി: മത്സ്യമേഖലക്കായി സംസ്ഥാനം പ്രത്യേക പാക്കേജ് സമര്‍പ്പിക്കും
text_fieldsന്യൂഡല്‍ഹി: പ്രളയത്തിൽ തകര്‍ന്ന മത്സ്യമേഖലയുടെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാനം പ്രത്യേക പാക്കേജ് സമര്‍പ്പിക്കും. നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അമിതാഭ് കാന്തുമായി ഫിഷറീസ്, തുറമുഖ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണ ഉണ്ടായത്. ഒരു മാസത്തിനുള്ളില്‍ സംസ്ഥാനം പാക്കേജ് തയാറാക്കി സമർപ്പിക്കും. ദുരിതത്തില്‍പ്പെട്ട കേരളത്തിന് കേന്ദ്ര സര്‍ക്കാറിെൻറയും നിതി ആയോഗിെൻറയും എല്ലാവിധ സഹായ സഹകരണങ്ങളുമുണ്ടാകുമെന്ന് അമിതാഭ് കാന്ത് മന്ത്രിയെ അറിയിച്ചു.
ഫിഷറീസ് മേഖലയുടെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് പ്രത്യേക പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കും. ഈ മേഖല മാത്രം പുനര്നിര്മിക്കണമെങ്കില് 500 കോടിയുടെ സഹായം ആവശ്യമാണ്. തീര മേഖലയിലെ റോഡുകള്‍, ചെറുകിട തുറമുഖങ്ങള്‍, കടല്‍ഭിത്തി തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊക്കെ തകര്‍ന്നു. ഒലിച്ചെത്തിയ മണ്ണ് തുറമുഖങ്ങളില്‍ അടിഞ്ഞുകിടക്കുകയാണ്. ഇതിനായി 400 കോടി ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രളയത്തെത്തുടര്‍ന്നുള്ള പ്രതിസന്ധി മികച്ചരീതിയില്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചെന്ന് വ്യക്തമാക്കിയ നിതി ആയോഗ് സി.ഇ.ഒ രക്ഷാപ്രവര്‍ത്തനത്തിന് കൈയും മെയ്യും മറന്ന് അധ്വാനിച്ച മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ചു. മത്സ്യമേഖലക്കുണ്ടായ നഷ്ടം നേരില്‍ കാണുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പിലെ ഉന്നതതല സംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് അദ്ദേഹം ഉറപ്പുതന്നതായും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.