ഒരുമാസം മുമ്പ് ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കിട്ടി
text_fieldsചെറുതോണി: ഇടുക്കി മുരിക്കാശ്ശേരി രാജപുരത്ത് ഒരുമാസം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം തോട്ടുവക്കിൽ കണ്ടെത്തി. കരികുളത്ത് ഉഷയുടെ (54) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 11ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കണ്ടെത്തിയത്. മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കമ്മൽ തിരിച്ചറിഞ്ഞ് മൃതദേഹം ഉഷയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം ഒമ്പതിന് പുലർച്ചയാണ് രാജപുരത്ത് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. കരികുളത്ത് മീനാക്ഷി, മക്കളായ രാജൻ, ഉഷ എന്നിവരാണ് വീട് സഹിതം ഒലിച്ചുപോയത്. മീനാക്ഷിയുടെ മൃതദേഹം അന്നുതന്നെ കിട്ടി. രാജെൻറയും ഉഷയുടെയും മൃതദേഹത്തിനായുള്ള തിരച്ചിൽ ദിവസങ്ങളോളം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വീടിരുന്ന സ്ഥലത്തുനിന്ന് 600 മീറ്റർ അകലെ പതിനാറാംകണ്ടം തോട്ടിലാണ് ഉഷയുടെ മൃതദേഹം കണ്ടത്. തോടിെൻറ തീരത്ത് നിന്നിരുന്ന രണ്ട് മരങ്ങൾക്കിടയിൽ അടിഞ്ഞുകൂടിയ ചപ്പുചവറുകൾക്കിടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു.
തോട്ടിൽ ഞായറാഴ്ചയോടെയാണ് വെള്ളം ഇറങ്ങി തുടങ്ങിയത്. തിങ്കളാഴ്ച ദുർഗന്ധം പരന്നപ്പോൾ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. രാജെൻറ മൃതദേഹം കിട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.