പ്രളയം: ജുഡീഷ്യൽ കമീഷനെ നിയമിക്കാൻ രമേശ് ചെന്നിത്തലയുടെ ഹരജി
text_fieldsകൊച്ചി: പ്രളയകാരണം അന്വേഷിക്കണമെന്നും ജുഡീഷ്യൽ കമീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയിൽ. കനത്ത മഴ പെയ്തപ്പോൾ ഡാമുകളിൽ ജലനിരപ്പ് സുരക്ഷിതമായ സ്ഥിതിയിൽ നിലനിർത്തുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായതാണ് പ്രളയകാരണെമന്ന് ഹരജിയിൽ ആരോപിച്ചു. വിശദപഠനവും പരിശോധനയും അനിവാര്യമായതിനാൽ ഹൈേകാടതി സിറ്റിങ് ജഡ്‌ജി ഉൾപ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ആവശ്യം.
ദുരന്തത്തിനിരയായവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അത് നിശ്ചയിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രത്യേക ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കേരള ഫ്ലഡ് ഡിസാസ്റ്റർ വിക്ടിംസ് കോമ്പൻസേഷൻ (പ്രോസസിങ് ആൻഡ് അഡ്‌ജുഡിക്കേഷൻ ഒാഫ് ക്ലെയിംസ്) ട്രൈബ്യൂണൽ സ്കീം-2018 എന്ന പേരിൽ ഒരു പദ്ധതിയുടെ മാതൃകയും ഹരജിക്കൊപ്പം ഹാജരാക്കി. പ്രളയദുരന്തം നേരിടാൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരിതബാധിതർക്കുള്ള അടിയന്തര ദുരിതാശ്വാസമായി 10,000 വീതം നൽകിയതിെൻറ വിശദാംശങ്ങൾ കോടതി വിളിച്ചുവരുത്തണമെന്നും ഹരജി തീർപ്പാകുംവരെ പ്രളയദുരിതാശ്വാസത്തിന് നൽകുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാൻ നിർദേശം നൽകണമെന്നുമാണ് ഇടക്കാല ആവശ്യങ്ങൾ. സമാന ആവശ്യങ്ങളുന്നയിക്കുന്ന ഹരജികൾക്കൊപ്പം ഇത് പരിഗണിക്കാൻ സെപ്റ്റംബർ 19ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.