പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ ശേഖരം ഏറ്റെടുക്കാൻ സർക്കാർ നീക്കം
text_fieldsകൊച്ചി: പ്രളയാനന്തരം നദികളിലും അണക്കെട്ട് പരിസരങ്ങളിലും അടിഞ്ഞുകൂടിയ മണൽ േശഖരം ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങുന്നു. എവിടെയൊക്കെയാണ് വൻതോതിൽ മണൽ അടിഞ്ഞുകൂടിയതെന്ന് കണ്ടെത്തി വിശദ റിപ്പോർട്ട് തയാറാക്കാനുള്ള നിർദേശം വില്ലേജ് ഒാഫിസർമാർക്ക് നൽകി.
സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം പല പ്രദേശങ്ങളിലായി മണൽ അടിഞ്ഞിട്ടുണ്ട്. ചില ഭാഗങ്ങളിൽ നദി ഗതി മാറി ഒഴുകുകയും മണലും ചെളിയും നീങ്ങി വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. മറ്റുചില ഭാഗങ്ങളിൽ മണൽ അടിഞ്ഞുകൂടി പുതിയ കര തന്നെ രൂപപ്പെട്ടു.
നിലവിൽ സംസ്ഥാനത്തെ നദികളിലെല്ലാം മണൽവാരൽ നിരോധനമുണ്ട്. എന്നാൽ, ഇതിനിടയിലും മണൽക്കടത്ത് സജീവമാണ്. ഇൗ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ വൈകരുതെന്ന ആവശ്യവുമായി നിർമാണ മേഖലയിലെ കരാറുകാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വൻതോതിൽ മണൽ ആവശ്യമാണെന്നിരിക്കെ, ലഭിച്ചത് പ്രയോജനപ്പെടുത്താനുള്ള വഴികളാണ് സർക്കാർ തേടുന്നത്. മണൽ നിക്ഷേപത്തിെൻറ കണക്കെടുത്ത് ലേലം ചെയ്താൽ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വലിയ തുക കണ്ടെത്താൻ കഴിയുമെന്നും അഭിപ്രായമുണ്ട്.
ക്വാറികൾ കൂടുതലും അടഞ്ഞുകിടക്കുന്നതിനാൽ നിർമാണ മേഖലയിൽ എംസാൻറിനും ക്ഷാമമുണ്ട്. വ്യവസ്ഥാപിത സംവിധാനങ്ങളോടെ നദികളിലെ മണൽ പ്രയോജനപ്പെടുത്തിയാൽ നിർമാണ മേഖലക്ക് കരുത്തേകാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.