കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു
text_fieldsനെടുമ്പാശ്ശേരി: വെള്ളപ്പൊക്കത്തെത്തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചു. ബുധനാഴ്ച ഉച്ചക്ക് 2.06ന് അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ (6ഇ 667) വിമാനമാണ് ആദ്യമെത്തിയത്.
പെരിയാർ കരകവിഞ്ഞൊഴുകിയതോടെ ആഗസ്റ്റ് 15ന് പുലർച്ചയാണ് വിമാനത്താവളം അടച്ചത്. പരിസര പ്രദേശങ്ങൾക്കൊപ്പം വിമാനത്താവളവും വെള്ളത്തിനടിയിലായി. ചുറ്റുമതിൽ തകർന്നതുൾപ്പെടെ സാരമായ കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനം, റൺവേ ലൈറ്റുകൾ, ജനറേറ്ററുകൾ എന്നിവയെല്ലാം തകരാറിലായി. വെള്ളം ഇറങ്ങി ആഗസ്റ്റ് 20 നാണ് സിയാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പരിശോധന പൂർത്തിയായതോടെ വിമാനത്താവളം സമ്പൂർണ പ്രവർത്തനസജ്ജമായി.
ബുധനാഴ്ച ഉച്ചക്ക് 3.25നുള്ള ബംഗളൂരു ഇൻഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന് അപ്രതീക്ഷിതമായി വി.ഐ.പി യാത്രക്കാരനും ഉണ്ടായിരുന്നു; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം രാഹുൽ ബുധനാഴ്ച ഉച്ചയോടെ ഹെലികോപ്ടറിൽ വിമാനത്താവളത്തിലെത്തിയിരുന്നു.
പ്രവർത്തനം പൂർണതോതിലായതോടെ രാഹുൽ തുടർയാത്ര ഇവിടെ നിന്നാക്കി. മസ്‌കത്തിൽ നിന്നുള്ള ജെറ്റ് എയർവേസ് വിമാനം വൈകീട്ട് നാലരയോടെ എത്തി. പുനരുദ്ധരിച്ച വിമാനത്താവളത്തിൽ എത്തിയ ആദ്യ രാജ്യാന്തര സർവിസാണിത്. ആദ്യദിനം ഉച്ചക്ക് രണ്ടുമണി മുതൽ അർധരാത്രി വരെ 33 ലാൻഡിങ്ങും 30 ടേക് ഓഫും നടന്നു. ഒരു സർവിസ് പോലും റദ്ദുചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.