വനംവകുപ്പിൽ വരാൻ പോകുന്നത് ‘ചാർജ്’ ഭരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വനംവകുപ്പിൽ വരാൻപോകുന്നത് ‘ചാർജ്’ ഭരണം. ഉന്നത തസ്തികകളിൽ പലതിലും ചുമതലക്ക് ആളില്ലാത്ത അവസ്ഥ. കഴിഞ്ഞ നാലഞ്ചു വർഷമായി തുടരുന്ന ഈ പ്രതിസന്ധി വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയാണ്. ഐ.എഫ്.എസ് കേഡറിൽ ഉദ്യോഗസ്ഥർ കേരളത്തിൽ കുറവായതാണ് പ്രധാന തടസ്സം.
എൻട്രി കേഡറിൽ സബ്കലക്ടർ സമാന തസ്തികയിലാണ് ഐ.എഫ്.എസ് റാങ്കുകാർ സർവിസിൽ പ്രവേശിക്കുന്നത്. ആറുവർഷത്തിലധികം കഴിഞ്ഞേ ഇവർക്ക് എൻഫോഴ്സ്മെന്റ് ഓഫിസർ തസ്തികകളിൽ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ. എങ്കിലും വകുപ്പ് മേധാവി ചുമതലകളിലെത്താൻ വർഷങ്ങൾ വീണ്ടും കടക്കണം. എന്നാൽ, എൻട്രി കേഡർ നിയമനങ്ങളും കഴിഞ്ഞ കുറെ വർഷങ്ങളായി വനംവകുപ്പിൽ കാര്യമായി നടക്കുന്നില്ല. ഈ രീതിയിൽ മുന്നോട്ടുപോയാൽ ഉന്നത തസ്തികകളിലടക്കം ഡി.എഫ്.ഒമാർക്കും മറ്റും ചുമതല നൽകി ഭരണം മുന്നോട്ടുപോകേണ്ട സ്ഥിതിയാണ്.
അങ്ങനെ വരുമ്പോൾ പലരീതിയിലുമുള്ള തർക്കങ്ങളും ഉടലെടുക്കും. അതിനാലാണ് വനം മേധാവി ഗംഗാസിങ്ങിനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന വനംമന്ത്രിയുടെ ആവശ്യം നിരാകരിക്കപ്പെട്ടത്. അതൃപ്തി വെളിപ്പെടുത്തി മുഖ്യമന്ത്രിയോട് വനംമന്ത്രി ആവശ്യപ്പെട്ടെങ്കിലും പകരം സ്ഥാനത്ത് വരാൻ ആളില്ലാത്തതിനാൽ ഗംഗാസിങ് തന്നെ അവിടെ തുടരാനാണ് സാധ്യത. ഒരുവർഷം കൂടിയാണ് അദ്ദേഹത്തിന് ഇനി കാലാവധി അവശേഷിക്കുന്നത്. വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടൽ അദ്ദേഹം നടത്തുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം.
പരാതികളേറെയാണെങ്കിലും പകരം യോഗ്യരായവർ ഇല്ലാത്തതിനാൽ തീരുമാനമെടുക്കാൻ സർക്കാറിനാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.