Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമത്തിന്റെ...

നിയമത്തിന്റെ സങ്കീര്‍ണ്ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര്‍ വനം വകുപ്പില്‍ തുടരില്ല -മന്ത്രി

text_fields
bookmark_border
നിയമത്തിന്റെ സങ്കീര്‍ണ്ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര്‍ വനം വകുപ്പില്‍ തുടരില്ല -മന്ത്രി
cancel

തിരുവനന്തപുരം: നിയമത്തിന്റെ സങ്കീര്‍ണ്ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര്‍ വനം വകുപ്പില്‍ ഇല്ലെന്നുറപ്പാക്കുമെന്നും അത്തരക്കാരെ തുടരാനനുവദിക്കില്ലെന്നും വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഉള്‍പ്പെടെയുള്ള വിരമിക്കുന്ന പിസിസിഎഫുമാരുടെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തില്‍ മുഖ്യ പ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തുകയായിരുന്നു മന്ത്രി.

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും നിയമ വ്യവസ്ഥിതിക്കുള്ളില്‍ നിന്നു പരിഹരിക്കാന്‍ കഴിയുന്നവരായിരുന്നു മുഖ്യ വനം മേധാവിയുള്‍പ്പെടെയുള്ള വിരമിക്കുന്ന പിസിസിഎഫുമാരെന്ന് മന്ത്രി പറഞ്ഞു. വകുപ്പു മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടായിരുന്നു വനം വകുപ്പിനെ ജനസൗഹൃദമാക്കുകയെന്നുള്ളത്. മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ നല്‍കിയ നിര്‍ദേശവും ഇതായിരുന്നു. വനം വകുപ്പിനെ ജനോന്മുഖമാക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് നിലവില്‍ വിരമിക്കുന്നവര്‍ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് കാടിനെ കാക്കാം നാടിനെ കേള്‍ക്കാം എന്ന പേരില്‍ സംഘടിപ്പിച്ച വന സൗഹൃദസദസ്സ് വന്‍ വിജയമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍ഗാമികള്‍ നടത്തിയ വനസംരക്ഷണമെന്ന അക്ഷീണ പ്രയത്‌നം തുടരാന്‍ ഇനി വകുപ്പിന്റെ മേല്‍ത്തട്ടിലേയ്ക്ക് എത്തുന്നവര്‍ക്ക് കഴിയണം.വിവിധ നടപടിക്രമങ്ങളുടെ നിയമാനുസൃത ലഘൂകരണം വഴി സാധാരണക്കാര്‍ക്ക് ലഭിക്കാനുള്ള അവകാശങ്ങള്‍ വേഗത്തിലെത്തിക്കുന്നതാകണം വനം വകുപ്പിന്റെ പ്രവര്‍ത്തനം. അതിനനുസൃതമായി വകുപ്പില്‍ കൂടുതല്‍ ജനകീയ മാറ്റങ്ങള്‍ക്ക് വഴിതുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വനവിസ്തൃതി കുറയുന്നുവെന്ന് വിവിധ കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ 880 ഹെക്ടര്‍ ഭൂമി മികച്ച ഫോറസ്റ്റ് മാനേജ്‌മെന്റ് വഴി വനഭൂമിയിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 1221 ഹെക്ടര്‍ കൂടി ഇത്തരത്തില്‍ കൂട്ടിച്ചേര്‍ത്ത് വന ഭൂമിയായി സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പരിമിതികള്‍ക്കിടയിലും ഓണത്തിന് മുമ്പ് ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കുള്ള മുഴുവന്‍ ശമ്പള കുടിശികയും കൊടുത്തു തീര്‍ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ വനം സംബന്ധമായ ബില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതിന് മന്ത്രി പ്രത്യേകം നന്ദിയറിയിച്ചു. 50 സെന്റില്‍ താഴെ വീടുവച്ച് താമസിക്കുന്ന സാധാരണക്കാരെ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനും വനം കൊള്ള ഉള്‍പ്പെടെ തടയുന്നതിനും ഇതോടെ നടപടികള്‍ക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐഎഎസ്, ഡി. ജയപ്രസാദ് ഐഎഫ്എസ് (പിസിസിഎഫ്, പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്), പ്രമോദ് ജി. കൃഷ്ണന്‍ ഐഎഫ്എസ് (എപിസിസിഎഫ്,വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്റ്‌സ്) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

നിയുക്ത മുഖ്യ വനം മേധാവി ഗംഗാ സിംഗ് ഐഎഫ്എസ് അധ്യക്ഷനായിരുന്നു. വിരമിക്കുന്നവരായ മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഐഎഫ്എസ് , പിസിസിഎഫ്മാരായ പ്രകൃതി ശ്രീവാസ്തവ ഐഎഫ്എസ്, നോയല്‍ തോമസ് ഐഎഫ്എസ്, ഇ. പ്രദീപ്കുമാര്‍ ഐഎഫ്എസ്, പി.കെ. പഥക് ഐഎഫ്എസ് എന്നിവരും ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍മാരായ സി.റ്റി. ജോജു ഐഎഫ്എസ്, കെ. രാജു തോമസ് ഐഎഫ്എസ് എന്നിവരും മറുപടി പ്രസംഗം നടത്തി. ഡോ. പി. പുകഴേന്തി ഐഎഫ്എസ് (എപിസിസിഎഫ്,ഭരണം) സ്വാഗതവും ഭരണ വിഭാഗം സീനിയര്‍ സൂപ്രണ്ട് കൃതജ്ഞതയും പ്രകാശിപ്പിച്ചു.

തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം വിരമിക്കുന്ന മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഐഎഫ്എസില്‍ നിന്നും നിയുക്ത മുഖ്യ വനം മേധാവി ഗംഗാ സിംഗ് ഐഎഫ്എസ് ചുമതലയേറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister AK SaseendranKerala Forest Department
News Summary - Kerala Forest Department AK Saseendran
Next Story