സൗജന്യ റേഷൻ വിതരണം തുടങ്ങി; ആദ്യദിനം 14.5 ലക്ഷം പേർ വാങ്ങി
text_fieldsതിരുവനന്തപുരം: അടച്ചുപൂട്ടലിൽ പ്രതിസന്ധി നേരിടുന്ന ജനങ്ങളെ സഹായിക്കാൻ ആരംഭിച്ച സൗജന്യ റേഷൻ വിതരണം തുടങ്ങി. ഇ-പോസ് യന്ത്രങ്ങൾ ചിലയിടത്ത് പണിമുടക്കിയതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളില്ല. ആദ്യദിനം 14.5 ലക്ഷം പേർ റേഷൻ വാങ്ങി. 21,422 ടൺ അരിയാണ് വിതരണം ചെയ്തത്. 2.8 ലക്ഷം പേർ ഇതര കടകളിൽനിന്ന് റേഷൻ വാങ്ങാനുള്ള പോർട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തിയാണ് അരി വാങ്ങിയത്.
തിരക്കും ആൾക്കൂട്ടവും ഒഴിവാക്കാൻ റേഷൻ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെ മുൻഗണനാ വിഭാഗത്തിൽപെട്ട, കാർഡിലെ നമ്പറിെൻറ അവസാനം 0,1 എന്നീ അക്കങ്ങൾ വരുന്നവർക്കായിരുന്നു വിതരണം. ഉച്ചക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും. ഏപ്രിൽ രണ്ടിന് 2,3 അക്കങ്ങളിലും ഏപ്രിൽ മൂന്നിന് 4,5 അക്കങ്ങളിലും ഏപ്രിൽ നാലിന് 6,7 അക്കങ്ങളിലും ഏപ്രിൽ അഞ്ചിന് 8,9 അക്കങ്ങളിലും നമ്പർ അവസാനിക്കുന്നവർക്ക് ഭക്ഷ്യധാന്യം വാങ്ങാം. ഒരു സമയം അഞ്ചുപേർക്കാണ് കടയിൽ എത്താൻ അ നുമതി. ഒരു മീറ്റർ അകലത്തിൽ കടകളിൽ വൃത്തം വരച്ചാണ് ആൾക്കൂട്ടം ഒഴിവാക്കിയത്. നിയന്ത്രണം അറിയാതെ എത്തിയ ഗുണഭോക്താക്കൾക്കും പലയിടത്തും സൗജന്യ റേഷൻ നൽകി.
കൃത്യമായ അളവിൽ സാധനം നൽകാത്ത കടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ മുന്നറിയിപ്പ് നൽകി. തലസ്ഥാനത്തെ ചില കടകൾ സന്ദർശിച്ചു മന്ത്രി സ്ഥിതി വിലയിരുത്തി. റേഷൻ വിതരണത്തിനാവശ്യമായ സ്റ്റോക്ക് പല കടകളിലും ഇല്ലെന്ന പരാതിയുണ്ട്.
50 മുതൽ 60വരെ ശതമാനം അരി മാത്രമാണ് ഇതുവരെ എത്തിയതെന്നും സമയബന്ധിതമായി ഉടൻ അരി എത്തിക്കണമെന്നും കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നൽകി. ചില സ്ഥലങ്ങളിൽ 30 ശതമാനമാണ് ലഭിച്ചത്. ഏപ്രിൽ അഞ്ച് ഞായറാഴ്ച പ്രവൃത്തിദിനമാക്കിയ നടപടി പിൻവലിക്കണം. റേഷൻ വ്യാപാരിക്കും സഹായിക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ റേഷൻ വ്യാപാരികളെയും ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. വിതരണത്തിനുവേണ്ട സ്റ്റോക്ക് പൂർണമായും എത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഇൗ ആഴ്ച മുതൽ
തിരുവനന്തപുരം: ജനങ്ങൾ അടച്ചുപൂട്ടലിൽ കഴിയുന്ന സാഹചര്യം നേരിടാൻ റേഷൻ കാർഡുടമകൾക്ക് സർക്കാറിെൻറ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സി.എം.ഡി. പി.എം. അലി അസ്ഗർ പാഷ അറിയിച്ചു. 1000 രൂപയുടെ സാധനങ്ങളാണ് കിറ്റുകളിൽ. സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറിൽ ഹെഡ്ഓഫിസിലും െതരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകൾ തയാറാക്കുന്നത്.
17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയർ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ട് കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം), സൺ ഫ്ലവർ ഓയിൽ (ഒരു ലിറ്റർ), ഉഴുന്ന് (ഒരു കിലോ) എന്നീ 17 ഭക്ഷ്യ വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.
ഇത് സപ്ലൈകോ- റേഷൻ കടകളിലൂടെ വിതരണം ചെയ്യും. ഭക്ഷ്യവിഭവങ്ങൾക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സർക്കാർ 350 കോടിരൂപ സി.എം.ഡി.ആർ.എഫിൽ നിന്ന് ആദ്യഗഡുവായി അനുവദിച്ചു.
റേഷൻ 30 വരെ വിതരണം ചെയ്യുമെന്ന് മന്ത്രി
തിരുവനന്തപുരം: ആദ്യ ഘട്ടത്തിൽ ഏപ്രിൽ 20 ഓടെ റേഷൻ വിതരണം പൂർത്തിയാക്കാനാണ് നിശ്ചയിച്ചതെങ്കിലും ഏതെങ്കിലും കാരണത്താൽ അതിനകം വാങ്ങാനാകാത്തവർക്കായി 30 വരെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. റേഷൻ കടകളിൽ തിക്കും തിരക്കും ഒഴിവാക്കാൻ കാർഡ് നമ്പറിെൻറ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏർപ്പെടുത്തിയത്. എല്ലാവർക്കും അർഹതപ്പെട്ട ഭക്ഷ്യധാന്യം ലഭിക്കുമെന്നും കടകളിൽ തിക്കിത്തിരക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
ആദ്യ ദിവസം ഉച്ചവരെ ഏഴര ലക്ഷം പേർ റേഷൻകടകളിൽ നിന്ന് ധാന്യം വാങ്ങി. എ.എ.വൈ കാർഡ് ഒന്നിന് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. മുൻഗണന വിഭാഗത്തിൽ ഒരംഗത്തിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും നൽകും.
മുൻഗണനേതര വിഭാഗത്തിലെ സബ്സിഡി വിഭാഗത്തിന് ഒരു കുടുംബത്തിന് കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യമായി നൽകും. സബ്സിഡിയില്ലാത്ത വിഭാഗത്തിൽ ഏഴിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് ഒരാൾക്ക് രണ്ടു കിലോ ധാന്യമെന്ന കണക്കിൽ ലഭിക്കും. കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിെൻറ വിതരണം 20ന് ശേഷം ആരംഭിക്കും. വൈദ്യുതീകരിച്ച വീടുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകൾക്ക് നാലു ലിറ്റർ മണ്ണെണ്ണയും നൽകും. വെള്ള, നീല കാർഡുകളുള്ളവർക്ക് മൂന്നു കിലോ ആട്ടയും നൽകുമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.