കേരളഗാനം: ഉചിത തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: കേരളഗാനം തെരഞ്ഞെടുക്കുന്നതിൽ സർക്കാർ നിയോഗിച്ച സാഹിത്യകാരന്മാരുടെ സമിതിയുടെ ശിപാർശയനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇതുമായി ബന്ധപ്പെട്ട് സാഹിത്യകാരന്മാർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിട്ടില്ല. അഭിപ്രായ പ്രകടനം മാത്രമാണുണ്ടായത്. യു.ഡി.എഫിന്റെ കാലത്ത് കേരളഗാനം തെരഞ്ഞെടുത്തിരുന്നെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സാംസ്കാരിക വകുപ്പിന്റെ ചടങ്ങുകളിൽ ബോധേശ്വരൻ രചിച്ച കവിത ആലപിക്കാനാണ് അനുമതി നൽകിയിരുന്നത്. കേരളഗാനം ഇതുവരെ നിശ്ചയിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
രാത്രി 10ന് ശേഷം മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന കോടതി നിർദേശത്തെ തുടർന്ന് ഗാനമേള കലാകാരന്മാർ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കോടതിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കുട്ടികളിൽ അവബോധം വളർത്താൻ ബാലകേരളം പദ്ധതി സംഘടിപ്പിക്കും. ഒരു വർഷം നാലിനും 18 നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകും.
ഇതിനായി സിലബസും ഹാൻഡ് ബുക്കും തയാറായിട്ടുണ്ട്. മലയാള സിനിമയുടെ സാങ്കേതികരംഗത്തേക്ക് വരാനാഗ്രഹിക്കുന്ന വനിതകൾക്ക് ചലച്ചിത്ര അക്കാദമി നൈപുണ്യ വികസന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. കൊച്ചിയിൽ ഷൂട്ടിങ് സെന്റർ പൂർത്തീകരണ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.