കേന്ദ്രത്തിന്റെ പ്രളയ മുന്നറിയിപ്പ് കേരളം അവഗണിച്ചു; അമിത് ഷാ രാജ്യസഭയിൽ
text_fieldsന്യൂഡൽഹി: കേരളത്തിലെ വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഉരുൾ പൊട്ടലുണ്ടാകുമെന്ന് ജൂലൈ 23ന് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. എന്നാൽ കേന്ദ്രത്തിന്റെ പ്രളയ മുന്നറിയിപ്പ് കേരളം കണക്കിലെടുത്തില്ല. പ്രളയ ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആനിലക്ക് നേരത്തേ നൽകുന്ന മുന്നറിയിപ്പുകൾ കേരളം ഗൗരവത്തിൽ പരിഗണിക്കണമായിരുന്നുവെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.
കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചയുടൻ ഒമ്പതംഗ എൻ.ഡി.ആർ.എഫ് സംഘത്തെ കേരളത്തിലേക്ക് അയച്ചു. എന്നാൽ കേരളം മുന്നറിയിപ്പ് കണക്കിലെടുത്തില്ല. ഏഴു ദിവസം മുമ്പ് ഉരുൾ പൊട്ടലും പ്രളയവും മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന സംവിധാനമുള്ള നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വയനാട് ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രമുണ്ട്. -അമിത് ഷാ പറഞ്ഞു.
20 സെന്റീ മീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് 26ന് വീണ്ടും മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് ലഭിച്ചിട്ടും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് വലിയ അലംബാവം സംഭവിച്ചുവെന്നാണ് അമിത് ഷായുടെ വിമർശനം. പ്രളയ മുന്നറിയിപ്പ് സംബന്ധിച്ച് നടപടികളുണ്ടായില്ലെന്ന് ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് അമിത് ഷാ രംഗത്ത്‍ വന്നത്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ചൊവ്വാഴ്ച രാത്രി വയനാട് സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു.
അതിനിടെ, വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 175 ആയി. 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്ത മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഉരുൾ പൊട്ടലിൽ 225പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. 191 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിനായി ചൂരൽ മലയിൽ ബെയ്‍ലി പാലം നിർമിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം ഉരുൾ പൊട്ടലിൽ ഒലിച്ചുപോയിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായിരുന്നു. ബെയ്‍ലി പാലം നാളെ പൂർത്തിയാക്കുമെന്നാണ് സൈന്യം അറിയിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.