കോവിഡിന് ശേഷം കേരളം പനിക്കാലത്തേക്ക്; ആറ് ജില്ലകളിൽ എലിപ്പനിയും മരണങ്ങളും കൂടുന്നു
text_fieldsതിരുവനന്തപുരം: കോവിഡിന് അയവുവന്നതോടെ കേരളം വീണ്ടും പനിക്കാല ഭീഷണിയിലേക്ക്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഡെങ്കിപ്പനി ഭീഷണി ഉയർത്തുമ്പോൾ തിരുവനന്തപുരത്ത് എലിപ്പനിയാണ് അതിരൂക്ഷമായിരിക്കുന്നത്.
ചില ജില്ലകളിൽ തക്കാളിപ്പനിയും റിപ്പോർട്ട് ചെയ്തു. അതിഗുരുതരമായ നിപക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നാലുമാസത്തിനിടെ 14 എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് സംഭവിച്ചത്. സമാനലക്ഷണങ്ങളുമായി 55 പേരും മരിച്ചു. 496 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി 621പേർക്ക് ഇതുവരെ സ്ഥിരീകരിച്ചപ്പോൾ മൂന്നു മരണങ്ങളും സംഭവിച്ചു. സമാന ലക്ഷണങ്ങളുമായി ഒമ്പതുപേരും മരിച്ചു.
ഇതുവരെയുള്ള എലിപ്പനി കണക്ക് തലസ്ഥാന ജില്ലയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്നതാണെന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. കൂടാതെ, 80,000ത്തിൽ പരം പേർക്ക് നാലുമാസത്തിനിടെ പകർച്ചപ്പനിയും ബാധിച്ചു. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1എന്‍1, ചികുന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗെല്ല തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസർകോട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ഷിഗെല്ല കേസുകൾ. കാസർകോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, വയറിളക്ക രോഗങ്ങളും ഭീഷണി ഉയർത്തുന്നു. ഈ വർഷം ഇതുവരെ 1,20,978 പേർക്ക് വയറിളക്ക അനുബന്ധ രോഗങ്ങൾ ബാധിച്ചു.
മഴക്കാലം കൂടി ആരംഭിക്കുന്നതോടെ പനി അതിരൂക്ഷമാകാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കോവിഡിന്റെ അതിരൂക്ഷമായ അവസ്ഥയിൽനിന്ന് മെല്ലെ കരകയറുമ്പോഴാണ് വീണ്ടും പകർച്ചവ്യാധി ഭീഷണിയിലേക്ക് കേരളം കടന്നിരിക്കുന്നത്. നിപ വൈറസിനെതിരെ പ്രത്യേകം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. നിപ ബാധിത പ്രദേശത്തുനിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസിന് എതിരായ ഐ.ജി.ജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ വവ്വാലുകളുടെ സമ്പര്‍ക്കം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.