നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്: യു.എ.ഇ എയർലൈൻസുകൾക്കും കസ്റ്റംസ് നോട്ടീസ്
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട യു.എ.ഇ എയർലൈൻ സർവിസുകൾക്കും കസ്റ്റംസിെൻറ കാരണം കാണിക്കൽ നോട്ടീസ്. എമിറേറ്റ്സ് സ്കൈ കാർഗോ, ഇത്തിഹാദ് എയർലൈൻസ് എന്നിവക്കാണ് കുറ്റപത്രം നൽകുന്നതിനുമുമ്പുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇവരുടെ മേൽവിലാസത്തിലാണ് നോട്ടീസ്. 53 പേർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ പട്ടികയിൽ 34, 35 പേരുകാരായാണ് എയർലൈൻ സർവിസുകൾ ഉൾപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ പട്ടികയിൽ 36ാം പേരുകാരനാണ്. എയർവേസ് ബില്ലുകളിൽ നിരുത്തരവാദപരമായി 'നയതന്ത്ര ബാഗേജ്' എന്ന് എഴുതിച്ചേർത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ അടിസ്ഥാനത്തിലാണ് എയർവേസുകളെ പ്രതി ചേർക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
യു.എ.ഇയിൽനിന്ന് സ്വകാര്യവ്യക്തികൾ തിരുവനന്തപുരെത്ത യു.എ.ഇ കോൺസുലേറ്റ് ജനറലിെൻറ പേരിൽ അയച്ച ബാഗേജുകളിൽ വിദേശകാര്യ മന്ത്രാലയത്തിെൻറ കത്തോ അനുമതിപത്രമോ ഇല്ലാതെതന്നെയാണ് ബില്ലുകളിൽ വലിയ അക്ഷരത്തിൽ ഇങ്ങനെ എഴുതിയത്. 21 തവണയായി നടന്ന കള്ളക്കടത്തിൽ 20 തവണയും എമിറേറ്റ്സ് സ്കൈ കാർഗോ വഴിയാണ് ചരക്ക് അയച്ചത്.
160 കിലോ സ്വർണമാണ് ഇപ്രകാരം കേരളത്തിലേക്ക് എത്തിയത്. അവസാനം കസ്റ്റംസ് പിടികൂടിയ നയതന്ത്ര ബാഗേജും എമിറേറ്റ്സ് സ്കൈ കാർഗോ വഴി തിരുവനന്തപുരത്തെത്തിയതാണ്. 2020 മാർച്ച് നാലിന് യു.എ.ഇയിലെ സ്വകാര്യവ്യക്തി കോൺസുലേറ്റിെൻറ പേരിലയച്ച 6.998 കിലോ സ്വർണമാണ് ഇത്തിഹാദ് എയർലൈൻസ് മുഖേന എത്തിയത്. ഇതിെൻറ ബില്ലിലും നയതന്ത്ര ബാഗേജ് എന്ന് എഴുതിച്ചേർത്തിരുന്നു.
ഇപ്രകാരം എത്തിയ നയതന്ത്ര ബാഗേജുകൾ മുഖേന സ്വർണമാണ് കടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായാണ് നോട്ടീസിൽ പറയുന്നത്. സ്വകാര്യവ്യക്തികൾ അയച്ച ബാഗേജുകളുടെ ആധികാരികത പരിശോധിക്കാതെയാണ് നയതന്ത്ര ബാഗേജ് എന്ന് എഴുതിച്ചേർത്തത്. നയതന്ത്ര ഓഫിസിെൻറ പേരിലയച്ച ബാഗേജുകൾ കൈപ്പറ്റിയത് സരിത്താണ്. കപ്പിത്താൻ കാർഗോ ഏജൻസിക്കടക്കം ലഭിച്ച നിയമവിരുദ്ധ ഡെലിവറി ഓർഡർ മുഖേനയാണ് ഇത് സാധ്യമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഡെലിവറി ക്ലെയിം വേണ്ടവിധം ഉറപ്പുവരുത്താനുള്ള ശ്രമം ഉണ്ടായിട്ടില്ല. കപ്പിത്താൻ ഏജൻസിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. എയർലൈനുകളുെട ഭാഗത്തുനിന്നുണ്ടായ ചില പ്രവൃത്തികളും ചില കാര്യങ്ങളിലുണ്ടായ അനാസ്ഥയും കള്ളക്കടത്ത് സുഗമമായി നടക്കുന്നതിന് വഴിയൊരുക്കിയെന്നാണ് കസ്റ്റംസിെൻറ കണ്ടെത്തൽ. കള്ളക്കടത്തിന് യു.എ.ഇ എയർലൈനുകളുടെ പങ്കാളിത്തമോ സഹായമോ ഉണ്ടായെന്നാണ് വിലയിരുത്തൽ. ഇതിെൻറ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.