സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞ്
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ ജോലി ലഭിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). സ്വപ്ന സുരേഷ് അടക്കം മൂന്ന് പ്രതികൾക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള) പ്രത്യേക കോടതി മുമ്പാകെ സമർപ്പിച്ച പ്രാരംഭ കുറ്റപത്രത്തിലാണ് സ്വപ്നയുടെ മൊഴി ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം പ്രതി സ്വപ്നക്ക് പുറമെ ഒന്നും നാലും പ്രതികളായ തിരുവനന്തപുരം തിരുവല്ലം മുദ്രയിൽ പി.എസ്. സരിത്, അരുവിക്കര 'ഉപഹാറി'ൽ സന്ദീപ് നായർ എന്നിവർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി കുറ്റപത്രം നൽകിയത്. മൂന്നാം പ്രതി ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്യാത്തതിനാൽ പിന്നീടാവും വിപുല കുറ്റപത്രം നൽകുക.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ, എം.ശിവശങ്കർ, ബിനീഷ് കോടിയേരി എന്നിവരെ സാക്ഷിപ്പട്ടികയിൽപോലും ചേർത്തിട്ടില്ല. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ നൽകിയ വിപുല മൊഴി അടക്കമാണ് കുറ്റപത്രം.
സ്പേസ് പാർക്കിൽ ജോലിക്കായി കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ (കെ.എസ്.ഐ.ടി.ഐ.എൽ) എം.ഡി ഡോ.ജയശങ്കറിനെയും സ്പെഷൽ ഓഫിസർ സന്തോഷിനെയും കാണാൻ നിർദേശിച്ചത് എം.ശിവശങ്കറാണ്. മുഖ്യമന്ത്രിയുമായി കണ്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യാമെന്നും ഉറപ്പ് നൽകി.
തുടർന്ന് സ്പെഷൽ ഓഫിസർ സന്തോഷ് വിളിച്ച് ജോലിക്ക് ചേരാൻ നിർദേശിച്ചതായും സ്വപ്ന മൊഴി നൽകി.
സ്വപ്ന ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിനൊപ്പം ലോക്കർ എടുത്തത് ശിവശങ്കറിെൻറ നിർദേശപ്രകാരമാണെന്ന് തെളിയിക്കുന്ന വാട്സ്ആപ് സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ് ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. യൂനിടാക് ബിൽഡേഴ്സ് അടക്കം വിവിധ കമ്പനികൾ നൽകിയ കമീഷൻ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. 21 തവണ നടത്തിയ സ്വർണക്കടത്തിലൂടെ പ്രതികൾ ഓരോരുത്തരും 39,66,340 രൂപ വീതം കമീഷൻ വാങ്ങി.
സ്വർണക്കടത്ത് സംബന്ധിച്ച് കോൺസുലേറ്റിന് അറിവില്ലായിരുന്നു. തുടരന്വേഷണം നടക്കുകയാണ്. മൂന്ന് പ്രതികളും കള്ളപ്പണം വെളുപ്പിച്ചതിന് മതിയായ തെളിവുണ്ട്- ഇ.ഡി വ്യക്തമാക്കി. ചാർട്ടേഡ് അക്കൗണ്ടൻറ് പി.വേണുഗോപാൽ, യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ, യൂനിടാക് ഡയറക്ടർ വിനോദ്, എൻ.ഐ.എ എസ്.പി സി.രാധാകൃഷ്ണ പിള്ള എന്നിവരെ സാക്ഷിയായി ചേർത്തിട്ടുണ്ട്.
കുറ്റപത്രത്തില്‍ നിന്ന്
സ്പേസ് പാർക്കിലെ വിഷൻ ടെക്നോളജിയിൽ ഓപറേഷൻസ് മാനേജറായി 1.07 ലക്ഷം ശമ്പളം വാങ്ങിയിരുന്നതായി സ്വപ്ന മൊഴി നൽകി. എട്ട് തവണ ഔദ്യോഗികമായും നിരവധി തവണ അനൗദ്യോഗികമായും എം.ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആറുതവണ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായി. കോണ്‍സുലേറ്റ് ജനറലിെൻറ സെക്രട്ടറിയെന്ന നിലയില്‍ സ്വപ്നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.