ഗവർണറുടെ 'വജ്രായുധം'; ഭീതിയിൽ സർക്കാർ
text_fieldsതിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്ന തന്റെ ആവശ്യം നിരസിച്ച മുഖ്യമന്ത്രിക്കെതിരെ ഗവർണർ 'വജ്രായുധം' പ്രയോഗിക്കുമോയെന്ന ആശങ്കയിൽ സർക്കാറും ഭരണപക്ഷവും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് വിജിലൻസ് കോടതിയിലുള്ള പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകുമോയെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. വി.സി നിയമനത്തിൽ മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന ഗവർണറുടെ തുറന്ന് പറച്ചിലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.
പ്രോസിക്യൂഷൻ അനുമതി ലഭ്യമാക്കിയാൽ മാത്രമേ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുകയാണ് പരാതിക്കാരൻ. എന്നാൽ, ഇക്കാര്യത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുമ്പ് ലാവലിൻ കേസിൽ സർക്കാർ നിലപാട് തള്ളിയായിരുന്നു ഗവർണറായിരുന്ന ആർ.എസ്. ഗവായി വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയത്. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയാൽ അത് സർക്കാറിന് തിരിച്ചടിയാകും.
വിജിലൻസ്, ആഭ്യന്തരവകുപ്പ് ഉൾപ്പെടെ മുഖ്യമന്ത്രിക്ക് ഒഴിയേണ്ട സാഹചര്യമുണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിലുള്ള പ്രീതി പിൻവലിച്ച ഗവർണറുടെ നടപടി മുഖ്യമന്ത്രി തള്ളിയതുമായി ബന്ധപ്പെട്ട് ഗവർണർ തുടർനടപടി സ്വീകരിച്ചിട്ടില്ല. തന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നടപടിയിൽ ഗവർണർ അസംതൃപ്തനാണ്. തന്നെ ആരിഫ് മുഹമ്മദ് ഖാന് അറിയില്ലെന്ന പിണറായിയുടെ വെല്ലുവിളിയും ഗവർണർ ഗൗരവത്തോടെ കാണുന്നു. മന്ത്രിയിലുള്ള പ്രീതി പിൻവലിച്ച നടപടി ഭരണഘടന വിരുദ്ധമാണെന്ന് വിലയിരുത്തുമ്പോഴും ആരെങ്കിലും ധനമന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ആശങ്ക സർക്കാറിനുണ്ട്.
രാജ്ഭവന്റെ അടുത്ത നീക്കം എന്താണെന്നത് എല്ലാവരും ഉറ്റുനോക്കുന്നു. ഗവർണറുടെ അധികാരത്തെക്കുറിച്ചുള്ള മിക്ക കേസുകളിലും ജനകീയ സർക്കാറുകൾക്ക് അനുകൂലമാണ് കോടതി വിധികളെന്ന ആത്മവിശ്വാസമാണ് സർക്കാറിനുള്ളത്. അതിനിടെ സംസ്ഥാന ഭരണപക്ഷംതന്നെ ഗവർണർക്കെതിരെ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്ഭവന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.