സാമ്പത്തിക-തൊഴിൽ ഉത്തേജനത്തിന് സംസ്ഥാന സർക്കാറിെൻറ 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് പ്രഹരമേൽപിച്ച സാമ്പത്തിക-തൊഴിൽ മേഖലകളെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ 100 ദിന പരിപാടികൾ പ്രഖ്യാപിച്ചു. മരാമത്ത് വകുപ്പ്, റീബില്‍ഡ് കേരള, കിഫ്ബി എന്നിവയിലൂടെ 2464.92 കോടിയുടെ പരിപാടികളാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളത്തിൽ അറിയിച്ചു. 100 ദിവസത്തിനകം വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരം സൃഷ്ടിക്കും. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനംചെയ്യുന്ന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്ക് ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും. തദ്ദേശസ്ഥാപനതലത്തില്‍ 1000ല്‍ അഞ്ചുപേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താൻ പദ്ധതി തയാറാക്കും. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് പരിപാടികൾ നടപ്പാക്കുക.
പൊതുമരാമത്ത് വകുപ്പ് 1519.57 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 200.10 കോടിയുടെ കിഫ്ബി റോഡ്-പാലം പദ്ധതികള്‍ ഇക്കാലയളവിൽ ഉദ്ഘാടനം ചെയ്യും. 945.35 കോടി രൂപ മുടക്കി ഒമ്പത് റോഡുകളുടെ പ്രവർത്തികള്‍ ആരംഭിക്കും. കൃഷിവകുപ്പിൽ 25,000 ഹെക്ടറില്‍ ജൈവകൃഷി ആരംഭിക്കും. 100 അര്‍ബന്‍ സ്ട്രീറ്റ് മാർക്കറ്റ് ആരംഭിക്കും. 2256 അംഗൻവാടികളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കും. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. നിര്‍ധന വിദ്യാർഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാൻ വിദ്യാർഥിക്ക് 10,000 രൂപ നിരക്കില്‍ പലിശരഹിത വായ്പ പദ്ധതി സഹകരണസംഘങ്ങൾ വഴി തുടങ്ങും.പട്ടികജാതി വികസനവകുപ്പ് പൂര്‍ത്തിയാകാതെ കിടക്കുന്ന 1000 വീടുകളുടെ നിർമാണം പൂര്‍ത്തീകരിക്കും.
12,000 പട്ടയങ്ങള്‍
100 ദിവസത്തിനുള്ളിൽ 12000 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഭൂനികുതി ഒടുക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങും. തണ്ടപ്പേര്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന് പൂര്‍ത്തീകരിക്കും. ഭൂമി തരംമാറ്റുന്ന അപേക്ഷക്ക് ഓണ്‍ലൈന്‍ മോഡ്യൂള്‍ പ്രാവര്‍ത്തികമാക്കും. ലൈഫ് മിഷന് 10,000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും. വിദ്യാശ്രീ പദ്ധതിയില്‍ 50,000 ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കും. നിലാവ് പദ്ധതി 200 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കും.
പ്രവാസികൾക്ക് 100 കോടിയുടെ വായ്പപദ്ധതി
മടങ്ങിവന്ന പ്രവാസികള്‍ക്കായി കെ.എസ്.ഐ.ഡി.സി വഴി 100 കോടിയുടെ വായ്പപദ്ധതി ആരംഭിക്കും. ഒരു വ്യക്തിക്ക് 25 ലക്ഷം മുതല്‍ പരമാവധി രണ്ട് കോടി വരെ വായ്പ ലഭ്യമാക്കും. ദുര്‍ഘടമായ മലയോരപ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗയോഗ്യമായ 30 മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ അഗ്നിശമനസേന നിരത്തിലിറക്കും. 308 പുനര്‍ഗേഹം വ്യക്തിഗത വീടുകള്‍ (30.80 കോടി ) കൈമാറും. 303 പുനര്‍ഗേഹം ഫ്ലാറ്റുകള്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളില്‍ (30.30 കോടി) ഉദ്ഘാടനം ചെയ്യുമെന്നും പ്രഖ്യാപനത്തിലുണ്ട്.
മറ്റുപ്രധാന പ്രഖ്യാപനങ്ങൾ
● ഗെയില്‍ പൈപ് ലൈന്‍ (കൊച്ചി-പാലക്കാട്)
ഉദ്ഘാടനം ചെയ്യും
● കുട്ടനാട് ബ്രാന്‍ഡ് അരി മില്ലിെൻറ പ്രവര്‍ത്തനം തുടങ്ങും
● പട്ടികജാതി വിഭാഗം കുട്ടികളുടെ പഠനത്തിനായി പഠനമുറി നിർമാണം, വൈദ്യുതീകരണം, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ 1000 എണ്ണം പൂര്‍ത്തീകരിക്കും
● കൊച്ചിയില്‍ ഇൻറഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് ഹബ്
● 150 ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും
● തീരദേശ കപ്പൽ സർവിസ് ബേപ്പൂരില്‍നിന്ന് കൊച്ചിവരെയും കൊല്ലത്തുനിന്ന് കൊച്ചി വരെയും
● കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക്
ധനസഹായവിതരണം
● വിശപ്പുരഹിത കേരളം ജനകീയ ഹോട്ടലുകള്‍ക്ക് റേറ്റിങ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.