മുഖ്യമന്ത്രിക്കെതിരായ ആരോപണം: പ്രകോപനമുണ്ടാക്കി സ്വപ്ന കലാപത്തിന് ശ്രമിച്ചെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ജനങ്ങളെ പ്രകോപിതരാക്കി സ്വപ്ന സുരേഷ് കലാപത്തിന് ശ്രമിച്ചെന്ന് സർക്കാർ ഹൈകോടതിയിൽ. ഗൂഢാലോചനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച തെളിവുകൾ സ്വപ്‌ന കുറ്റം ചെയ്തെന്ന് വ്യക്തമാക്കുന്നതാണ്. കേസ് ഒരു കാരണവശാലും റദ്ദാക്കാനാവില്ലെന്നും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസ് റദ്ദാക്കാൻ സ്വപ്ന നൽകിയ ഹരജിയിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി പി. രാജ്‌കുമാർ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നിൽ കൃത്യമായി ഗൂഢാലോചനയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പകയും വിദ്വേഷവും വളർത്തി ക്രമസമാധാനം തകർക്കാൻ സ്വപ്നയും പി.സി. ജോർജും മറ്റു ചിലരും ചേർന്ന് ഗൂഢാലോചന നടത്തിയിരുന്നു. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം. മാധ്യമങ്ങളിലൂടെ നടത്തിയ ആരോപണം കുറ്റകരവും നിരുത്തരവാദപരവുമാണ്. രാഷ്ട്രീയ നേതാക്കൾക്കെതിരെ ആരോപണങ്ങളുന്നയിക്കുകയും ഇവർക്ക് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് തെളിവില്ലാതെ ആരോപിക്കുകയുമാണ് സ്വപ്ന ചെയ്തത്.
വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ രാഷ്ട്രീയപ്രേരിത കലാപങ്ങളും അക്രമങ്ങളുമായി ബന്ധപ്പെട്ട് 745 കേസുകൾ രജിസ്റ്റർ ചെയ്തു. ആരോപണം വന്ന ദിവസം മാത്രം 12 കേസാണ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശീകരണത്തിനും അക്രമസമരത്തിനും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ആയിരക്കണക്കിന് പോസ്റ്റുകളാണ് സൈബർ ലോകത്ത് പ്രചരിച്ചത്.
സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുൻമന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിലെടുത്ത കേസിൽ സാക്ഷിയായ സരിത എസ്. നായരുടെ മൊഴിയെടുത്തിരുന്നു. ഫെബ്രുവരി ഒമ്പത്, 10 തീയതികളിൽ തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന പി.സി. ജോർജിനെ കാണാൻ സ്വപ്നയും സരിത്തും എത്തിയെന്ന് സരിതയുടെ മൊഴിയുണ്ടെന്നും വിശദീകരണ പത്രികയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.