അനുനയമില്ലാതെ ഗവർണർ; സംയമനം പാലിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിക്കൽക്കൂടി തന്റെ ‘നയം’ വ്യക്തമാക്കി. സർക്കാറുമായുള്ള പോരിൽ അനുനയത്തിനില്ല. നയപ്രഖ്യാപന പ്രസംഗം വായിച്ചെന്ന് വരുത്തി നിയമസഭയിൽനിന്ന് ഞൊടിയിടയിൽ മടങ്ങിയതിന്റെ സന്ദേശം അതാണ്. എന്നാൽ, ഗവർണറുടെ അസാധാരണ നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടി വേണ്ടെന്നാണ് സി.പി.എം തീരുമാനം. ഗവർണറുടെ നടപടി നിയമസഭയോടും ജനാധിപത്യസംവിധാനത്തോടുമുള്ള അവഹേളനമായാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. എന്നാൽ, സി.പി.എമ്മിൽനിന്ന് അത്തരമൊരു പ്രതികരമുണ്ടായിട്ടില്ല.
കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ച സർക്കാറിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ കനപ്പെട്ട വിമർശനവുമില്ല. ഈ ഘട്ടത്തിൽ ഗവർണറെയും കേന്ദ്രത്തെയും കൂടുതൽ പ്രകോപിപ്പിക്കാൻ സി.പി.എം ആഗ്രഹിക്കുന്നില്ലെന്നതു തന്നെ കാരണം. നയപ്രഖ്യാപന പ്രസംഗം നടത്തുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തേ വ്യക്തമാക്കിയ ഗവർണർ നിയമസഭയിൽ ഇങ്ങനെ പെരുമാറുമെന്ന് ഭരണപക്ഷം പ്രതീക്ഷിച്ചതല്ല. അപ്പോഴും ഗവർണറുടെ അസാധാരണ നീക്കത്തിനെതിരെ സി.പി.എം പ്രതികരിക്കാത്തത് പാർട്ടി ഇതുവരെ സ്വീകരിച്ച നിലപാടിൽനിന്നുള്ള മാറ്റമാണ്. പ്രസംഗം മുഴുവൻ വായിക്കണമെന്നില്ലെന്നും ഗവർണറുടെ നടപടിയിൽ തെറ്റില്ലെന്നുമാണ് മന്ത്രിമാർ പ്രതികരിച്ചത്.
‘ദേ.. വന്നു.. ദാ.. പോയി’ എന്ന നിലയിൽ ആർക്കും മുഖംകൊടുക്കാതെ മടങ്ങിയ ഗവർണറുടെ നടപടിയിൽ ഭരണപക്ഷത്തുനിന്ന് ആരും അതൃപ്തി പ്രകടിപ്പിച്ചില്ല. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ, ഗവർണർ പെട്ടെന്ന് മടങ്ങിയത് സംബന്ധിച്ച് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് അറിയില്ലല്ലോ.. എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതിനു മുമ്പ് സി.പി.എം സെക്രട്ടേറിയറ്റ് യോഗം ചേർന്ന് കടുത്ത പ്രതികരണം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. വീണാ വിജയനെതിരായ അന്വേഷണം, പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല കൂടിക്കാഴ്ചകൾ എന്നിവയുടെ പശ്ചാത്തലത്തിൽ കൂടിയാണ് സി.പി.എമ്മിന്റെ നിലപാട് തൽക്കാലത്തേക്കെങ്കിലും മയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.