ജലീലിെൻറ ബന്ധുനിയമന വിവാദം: ലോകായുക്ത: സർക്കാർ കോടതിയെ സമീപിക്കാനിടയില്ല
text_fieldsകൊച്ചി: അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം അനുകൂലമാണെങ്കിലും മുൻ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ നേരിട്ട് അപ്പീലിന് പോകില്ലെന്ന് സൂചന. ആരോപണ വിധേയനായ മന്ത്രി രാജിവെക്കുകയും സർക്കാറിെൻറ ഭാഗമല്ലാതാകുകയും ചെയ്തതോടെ തുടർനടപടിക്ക് പോകേണ്ടതില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. വ്യക്തിപരമായി ജലീൽ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലുമാണ്.
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെ തുടർന്ന് കെ.ടി. ജലീൽ ചൊവ്വാഴ്ച മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവിനെതിരെ സർക്കാറിനുതന്നെ നേരിട്ട് ഹരജി നൽകാമെന്ന എ.ജിയുടെ നിയമോപദേശം പുറത്തുവന്നത്.
ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവെന്നാണ് എ.ജി സർക്കാറിനെ അറിയിച്ചിരിക്കുന്നത്. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്കും ബന്ധപ്പെട്ട അധികൃതർക്കും പരാതിയുടെ പകർപ്പ് നൽകണമെന്ന ലോകായുക്ത നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. രേഖകൾ ഇത് വ്യക്തമാക്കുന്നുണ്ട്്.
ഈ ചട്ടപ്രകാരം പകർപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കി ജലീലിനും മറ്റ് കക്ഷികൾക്കും പരാതി കൈമാറിയിരിക്കുന്നത് വിധി പുറപ്പെടുവിച്ച ശേഷം ഈ മാസം 12ന് മാത്രമാണ്. വിധിക്ക് മുമ്പ് അന്വേഷണം നടത്തിയിട്ടില്ലെന്നോ നടത്തിയെങ്കിൽതന്നെ ചട്ടം പാലിക്കാതെയാണെന്നോ ഇതിൽനിന്ന് വ്യക്തമാണ്. അതിനാൽ, ലോകായുക്ത ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും സർക്കാറിനുതന്നെ നേരിട്ട് കോടതിയിൽ ചോദ്യം ചെയ്യാമെന്നുമാണ് എ.ജിയുടെ അഭിപ്രായം. ചട്ടങ്ങൾ പാലിക്കാതെയാണ് ഉത്തരവെന്നും തന്നെ കേൾക്കാത്തതിനാൽ സ്വാഭാവിക നീതി ലംഘനമുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ജലീൽ നൽകിയ ഹരജി കോടതിവിധി പറയാൻ മാറ്റിയിരിക്കുകയാണ്. സർക്കാർ നേരിട്ട് അപ്പീൽ നൽകേണ്ടെന്ന ധാരണയാണ് ഇപ്പോഴുള്ളതെങ്കിലും ആവശ്യമെന്ന് തോന്നിയാൽ വിധിവന്ന ശേഷം തീരുമാനിക്കാമെന്ന വിലയിരുത്തലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.