സ്കൂളുകൾ ഹൈടെക്കായത് നേട്ടമായി; കൈറ്റിന് നീതി ആയോഗ് അംഗീകാരം
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ കൈറ്റ് പദ്ധതിക്ക് നീതി ആയോഗ് അംഗീകാരം. മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയില്‍ കൈറ്റിനെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍) ഉൾപ്പെടുത്തിക്കൊണ്ടാണ് നീതി ആയോഗ് ഇക്കാര്യം അറിയിച്ചത്. നവംബർ 17നാണ് ഇതുമായി ബന്ധപ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചത്.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വിവര സാങ്കേതിക വിദ്യാ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണാ-പരിപാലന സംവിധാനം, ഇ-ഗവേൺസ് എന്നീ മേഖലകളിലെ കൈറ്റിെൻറ ഇടപെടല്‍ അന്തർദേശീയ നിലവാരത്തിലുള്ളതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഹൈടെക് സ്കൂള്‍ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 16,027 സര്‍ക്കാര്‍-എയിഡഡ് സ്കൂള്‍ യൂനിറ്റുകളില്‍ 3,74,274 ഉപകരണങ്ങളുടെ വിന്യാസം, 12,678 സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ്, 1,83,440 അധ്യാപകര്‍ക്ക് പ്രത്യേക ഐ.ടി പരിശീലനം, സമഗ്ര വിഭവ പോര്‍ട്ടല്‍, ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബുകള്‍ തുടങ്ങിയ പദ്ധതികള്‍ കൈറ്റ് പൂര്‍ത്തിയാക്കിയിരുന്നു.
ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് 'ഫസ്റ്റ് ബെല്‍' എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തു വരുന്നത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതിലൂടെ 3000 കോടി സംസ്ഥാന ഖജനാവിന് ലാഭിക്കാനായ വാര്‍ത്ത നേരത്തെ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.