നിർബന്ധമല്ല, ഇഷ്ടമുള്ള തുക നിക്ഷേപിക്കാം; ജീവാനന്ദത്തിൽ വ്യക്തതവരുത്തി ധനവകുപ്പ്
text_fieldsതിരുവനന്തപുരം: വിരമിച്ചശേഷം ജീവനക്കാർക്ക് പ്രതിമാസം നിശ്ചിതതുക ലഭ്യമാക്കുമെന്ന വാഗ്ദാനത്തോടെ സർക്കാർ പ്രഖ്യാപിച്ച ജീവാനന്ദം പദ്ധതിയിൽ വിയോജിപ്പുയർന്നതോടെ വിശദീകരണവുമായി ധനവകുപ്പ്. ജീവാനന്ദത്തിൽ എല്ലാ ജീവനക്കാരും നിർബന്ധിതമായി ചേരേണ്ടതില്ലെന്നും താൽപര്യമുള്ളവർക്ക് ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കാനും അതിലൂടെ വിരമിച്ചശേഷം സ്ഥിരംവരുമാനം നേടാനുമുള്ള സൗകര്യം മാത്രമാണിതെന്നും ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. പദ്ധതി പൂർണമായി ഇൻഷുറൻസ് സ്വഭാവത്തിലാണ് വിഭാവനം ചെയ്യുന്നത്. ഇതിനു പങ്കാളിത്ത പെൻഷൻ ഉൾപ്പെടെ പെൻഷൻ പദ്ധതികളുമായി ബന്ധവുമില്ല. മറ്റ് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന അന്വിറ്റി പോളിസികളിൽനിന്ന് വ്യത്യസ്തമായി ‘ജീവാനന്ദം’ നിലവിലെ വിപണി മൂല്യത്തിനെക്കാൾ ഉയർന്നതും സ്ഥിരമായതുമായ പലിശ ഉറപ്പുവരുത്തുന്നതുമാണ്. തവണവ്യവസ്ഥയിൽ പണം ഒടുക്കാനുള്ള സൗകര്യം ലഭ്യമാക്കും. പദ്ധതിയുടെ രൂപരേഖ തയാറാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനാണ് സർക്കാർ ഉത്തരവ് നൽകിയത്. പദ്ധതി രൂപരേഖ തയാറായ ശേഷമേ അതു നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ സാധിക്കൂവെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.
സർക്കാർ ജീവനക്കാർക്കായി സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി (എസ്.എൽ.ഐ), ഗ്രൂപ് ഇൻഷുറൻസ് പദ്ധതി (ജി.ഐ.എസ്), ജീവൻരക്ഷ പദ്ധതി (ജി.പി.എ.ഐ.എസ്) എന്നിവയാണ് സംസ്ഥാന ഇൻഷുറൻസ് വകുപ്പു വഴി നൽകിവരുന്ന സേവനങ്ങൾ. ഇവയെല്ലാം ജീവനക്കാരൻ വിരമിക്കുന്നമുറക്ക് ആനകൂല്യങ്ങൾ ലഭ്യമാക്കി അവസാനിപ്പിക്കും. വിരമിച്ച ജീവനക്കാർക്ക് ഒരുവിധ ആനുകൂല്യവും ഇൻഷുറൻസ് വകുപ്പിൽനിന്ന് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് വിരമിച്ചശേഷവും നിശ്ചിത പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന നിലയിലുള്ള ഇൻഷുറൻസ് പദ്ധതി നിർദേശം വകുപ്പ് മുന്നോട്ടുവെച്ചത്.
കഴിഞ്ഞ ബജറ്റ് പ്രസംഗത്തിന്റെ 536 ഖണ്ഡികയായി സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റേതായി അന്വിറ്റി പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് പഠിക്കാൻ സംസ്ഥാന ഇൻഷുറൻസ് വകുപ്പിനെ ചുമതലപ്പെടുത്തിയാണ് സർക്കാർ കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതിക്ക് ജീവാനന്ദം എന്ന പേരും നിശ്ചയിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴിയാണ് ജീവാനന്ദത്തിലൂടെ ധനവകുപ്പ് ലക്ഷ്യമിടുന്നതെന്ന വിമർശനവും ഇതിനോടകം ഉയർന്നിരുന്നു. ശമ്പളത്തിൽനിന്നോ പെൻഷൻ ആനുകൂല്യത്തിൽനിന്നോ പ്രീമിയം വസൂലാക്കിയേ ഇത്തരമൊരു പദ്ധതി സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.