മുനമ്പം കമീഷൻ നിയമനം ചോദ്യം ചെയ്യുന്ന ഹരജി നിലനിൽക്കില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ചതിനെതിരെ വഖഫ് സംരക്ഷണ വേദി ഫയൽ ചെയ്ത ഹരജി നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹരജിക്കാരെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാദമുന്നയിച്ചത്. സർക്കാറിന്റെയടക്കം വാദം പൂർത്തിയാകാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച വാദം തുടരാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേസ് മാറ്റി.
മുനമ്പം ഭൂമി വിഷയത്തിൽ വസ്തുതാന്വേഷണമാണ് നടക്കുന്നതെന്നും ഇതിനായി ജുഡീഷ്യൽ കമീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നുമുള്ള വാദം അഡ്വക്കറ്റ് ജനറൽ ആവർത്തിച്ചു. സാധാരണക്കാരായ താമസക്കാരെ മുൻനിർത്തി മുനമ്പത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നപ്പോൾ സർക്കാർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു.
യോഗത്തിന്റെ അടിസ്ഥാനത്തിൽ കമീഷനെ നിയമിക്കാൻ പൊതുതാൽപര്യം പരിഗണിച്ചാണ് തീരുമാനമെടുത്തത്. നിസാർ കമീഷൻ റിപ്പോർട്ട് മുമ്പ് ഉണ്ടായെങ്കിലും വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായിരുന്നതിനാൽ അന്തിമ തീർപ്പുള്ള റിപ്പോർട്ടല്ല ഉണ്ടായത്. ഇപ്പോഴും വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. അതിനാൽ, വീണ്ടും കമീഷനെ നിയമിച്ചതിൽ തെറ്റില്ലെന്നും സർക്കാർ വ്യക്തമാക്കി.
വൻകിട കൈയേറ്റക്കാരെയും റിസോർട്ട് ഉടമകളെയും എ.ജി പരാമർശിച്ചപ്പോൾ, ഈ ഭൂമിയിൽ റിസോർട്ടുകളുമുണ്ടോയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.