Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടീകോമിന് ‘നഷ്ടപരിഹാരം’...

ടീകോമിന് ‘നഷ്ടപരിഹാരം’ എന്ന വാക്ക് പിശകെന്ന് സർക്കാർ; സ്മാർട്ട് സിറ്റിയിൽ പുതിയ ഉത്തരവിറക്കും

text_fields
bookmark_border
kochi smart city
cancel

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനിയെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള മന്ത്രിസഭ തീരുമാനം വിവാദത്തിലായതിന് പിന്നാലെ പുതിയ ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ടീകോമിന്‍റെ ഓഹരിമൂല്യം കണക്കാക്കി തുക അനുവദിക്കാനാണ് തീരുമാനിച്ചതെന്നും നഷ്ടപരിഹാരം എന്ന വാക്ക് ഉത്തരവിൽ വന്നത് പിശകാണെന്നുമാണ് സർക്കാർ വാദം.

മന്ത്രിസഭ യോഗത്തിന്‍റെ കുറിപ്പിലുണ്ടായ പ്രയോഗം ഉത്തരവിലും ഇടം പിടിച്ചെന്നാണ് ലഭിക്കുന്ന വിശദീകരണം. എന്നാൽ, പിശക് പരസ്യമായി സമ്മതിക്കാൻ സർക്കാർ അധികൃതർ തയാറാകുന്നില്ലെന്നാണ് വാർത്താമാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

കരാർ പ്രകാരമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കെ, സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനിയെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള മന്ത്രിസഭ തീരുമാനമാണ് വിവാദത്തിലായത്. സംസ്ഥാനത്തിന് നഷ്ടമുണ്ടായ സാഹചര്യത്തിൽ കമ്പനിക്ക് നഷ്ടപരിഹാരം അങ്ങോട്ടുനൽകി കരാർ അവസാനിപ്പിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കമ്പനിക്ക് പണം നൽകാനുള്ള തീരുമാനം കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമെന്നാണ് പ്രതിപക്ഷ നിലപാട്.

മന്ത്രിസഭ തീരുമാനങ്ങൾ സംബന്ധിച്ച അറിയിപ്പിൽ നാലുവരി മാത്രമാണ് ഈ സുപ്രധാന വിഷയത്തിലെ തീരുമാനം ഉൾപ്പെടുത്തിയിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാർശകൾ അംഗീകരിച്ചാണ് തീരുമാനമെന്നാണ് കുറിപ്പിലുള്ളത്. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയെ ഒഴിവാക്കുന്നതെന്നതിൽ അറിയിപ്പിലും മൗനംപുലർത്തി.

നഷ്ടപരിഹാരം നൽകി ടീകോമിനെ ഒഴിവാക്കിയ ശേഷം പുതിയ സംരംഭകരെ കണ്ടെത്തി പദ്ധതി പുതിയ രൂപത്തിൽ ചലിപ്പിക്കാനാണ് സർക്കാർ നീക്കം. ഇൻഫോപാർക്കിന്‍റെ അടക്കം വികസനം സർക്കാറിന്‍റെ മുന്നിലുണ്ട്. അതേസമയം സർക്കാറിന് നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന വിമർശനവുമുണ്ട്.

ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം 2011ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്‍റെ കാലത്താണ് സ്മാർട്ട് സിറ്റി കരാർ ഒപ്പുവെച്ചത്. 90000 തൊഴിലവസരങ്ങൾ, 4000 കോടിയുടെ നിക്ഷേപം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ കരാറിന്‍റെ ഭാഗമായിരുന്നു. ‘ലോകം തൊഴിൽതേടി കേരളത്തിലേക്കെത്തുമെന്ന’ വാഗ്ദാനത്തോടെ തുടക്കമിട്ട പദ്ധതി, 10 വർഷം പിന്നിട്ടിട്ടും ലക്ഷ്യമിട്ടതിന്‍റെ 10 ശതമാനം പോലും എത്തിയിട്ടില്ലെന്ന തിരിച്ചറിവിലാണ് ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനം. പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ടീകോം സർക്കാറിനെ അറിയിച്ചെന്നാണ് സൂചന. എന്നാൽ, ഒത്തുതീർപ്പും ബാധ്യത ഒഴിവാക്കലും എത്രത്തോളം നിയമപരമെന്നതാണ് പ്രതിപക്ഷവും വിദഗ്ധരും ചോദിക്കുന്നത്.

കരാറിലെ വ്യവസ്ഥ 7.2.2 സി പ്രകാരം കമ്പനി പിന്മാറുന്ന പക്ഷം അവർ സർക്കാറിന് നഷ്ടപരിഹാരം നൽകുകയാണ് വേണ്ടെതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനം നടത്തിയ നിക്ഷേപവും മറ്റ് ചെലവുകളും കണക്കാക്കണം. ഈ തുക ടീകോം സർക്കാറിന് നൽകി പിന്മാറണമെന്നാണ് വ്യവസ്ഥ. അങ്ങോട്ട് പണം കൊടുക്കാനുള്ള തീരുമാനം കരാർ വിരുദ്ധവും യുക്തിരഹിതവുമാണെന്നും വിദഗ്ധർ പറയുന്നു.

സ്മാർട്ട്സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ 16 ശതമാനം ഓഹരി പങ്കാളിത്തമാണ് സംസ്ഥാന സർക്കാറിനുള്ളത്. 84 ശതമാനം ടീകോമിനും. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ മുഖ്യമന്ത്രിയാണ്. സർക്കാറിന്‍റെ 246 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി പാട്ടത്തിന് നൽകിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentKochi Smart CityTCom
News Summary - Kerala Government says the word 'compensation' for TCom is a mistake; New order issued in Smart City
Next Story