മഅ്ദനി: കർണാടക സർക്കാർ ഗൂഢാലോചനക്കെതിരെ കേരള സർക്കാർ ഇടപെടണം -വെൽഫെയർ പാർട്ടി
text_fieldsകൊല്ലം: ബംഗളൂരു സ്ഫോടന കേസ് വിചാരണയുടെ അവസാന ഘട്ടത്തിൽ പുതിയ തെളിവുകൾ ഉണ്ടെന്ന പേരിൽ കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് മഅ്ദനിയെ അനന്തകാലം വിചാരണ തടവുകാരനാക്കി ജയിലിലടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി. കർണാടകയുടെ ഈ നീക്കത്തിനെതിരെ കേരള സർക്കാർ സാധ്യമാകുന്ന നയപരവും നിയമപരവുമായ ഇടപെടലുകൾ നടത്തണമെന്ന് വെൽഫെയർ പാർട്ടി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ ആവശ്യം കർണാടക ഹൈകോടതി നേരത്തെ തള്ളിയിരുന്നു. 2014ൽ സുപ്രിം കോടതി നാലു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് എട്ട് വർഷമായി. വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ ഇപ്പോൾ ഈ അവശ്യം ഉയർത്തുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്.
ഇപ്പോൾ ബംഗളൂരുവിൽ ചികിത്സാർത്ഥം കർശന ഉപാധികളോടെ ജാമ്യത്തിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില അത്യന്തം വഷളായിരിക്കുകയാണ്. കഴിഞ്ഞ വർഷം സ്ട്രോക്ക് വന്നത് അദ്ദേഹത്തിന്റെ ചലന ശേഷിയെ ബാധിച്ചിട്ടുണ്ട്. കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. മഅ്ദനിയെ കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നിയമപരമായ നീക്കം കേരള സർക്കാർ നടത്തണം. മഅ്ദനിക്കെതിരെ നിരന്തരം തുടരുന്ന നീതിനിഷേധത്തിനെതിരെ കേരളത്തിലെ പൗരസമൂഹവും ശബ്ദമുയർത്തണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, കൊല്ലം ജില്ല ജനറൽ സെക്രട്ടറി ഡോ. അശോകൻ, ജില്ലാ സെക്രട്ടറി കബീർ പോരുവഴി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.