മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണം –വെൽഫെയർ പാർട്ടി
text_fieldsഅത്യന്തം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ തുടരുന്ന അബ്ദുന്നാസർ മഅ്ദനിക്ക് അടിയന്തിരമായി ചികിത്സ ലഭിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്നി സംബന്ധമായ രോഗങ്ങൾ അടക്കം നിരവധി രോഗങ്ങൾ അലട്ടുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അത്യന്തം വഷളായിരിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞ് ബാംഗ്ലൂരിലെ പല ആശുപത്രികളും ചികിത്സാ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുന്നത്. കേരളത്തിലെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്.
നിലവിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ചികിത്സ നേടാൻ ബാംഗ്ലൂർ വിടാൻ അദ്ദേഹത്തിനാകില്ല. ഇത് സംബന്ധിച്ച ഇളവ് തേടിയുള്ള ഹരജി കർണാടക സർക്കാർ എതിർക്കുന്നതിനാൽ കോടതി അംഗീകരിക്കുന്നില്ല. കേരളാ സർക്കാർ കർണാടക സർക്കാരുമായി ചർച്ച നടത്തി ഇതിന് ഒരു പരിഹാരം കാണണം. അതിനായില്ലെങ്കിൽ കേരളത്തിൽ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാൻ നിയമ നടപടികളുടെ സാദ്ധ്യതയും ആരായണം. മഅ്ദനിയുടെ വിചാരണ അനന്തമായി നീളുകയാണ്. നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രിം കോടതി നിർദ്ദേശം വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞു. ഇനിയും വിചാരണ നീളുന്നത് കോടതി അലക്ഷ്യമാണ്. മഅ്ദനിക്ക് നീതി ലഭ്യമാക്കാൻ കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.