സ്റ്റെന്‍റുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്യും
text_fieldsതിരുവനന്തപുരം: ഹൃദയ ചികിത്സാ മേഖലയിലെ ചൂഷണത്തില്‍ നിന്ന് ജനത്തെ രക്ഷിക്കാന്‍ സ്റ്റെന്‍റും മറ്റ് ഓര്‍ത്തോപീഡിക് ഇംപ്ളാന്‍റുകളും സര്‍ക്കാര്‍ വാങ്ങി കാരുണ്യ ഫാര്‍മസികള്‍ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ അറിയിച്ചു. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോടും എറണാകുളം, പാലക്കാട് ജനറല്‍ ആശുപത്രികളോടും ഒരു വര്‍ഷത്തെ ശസ്ത്രക്രിയകളുടെ എണ്ണവും ഒരു മാസം വേണ്ടിവരുന്ന സ്റ്റെന്‍റുകളുടെ എണ്ണവും നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാങ്കേതിക വിദഗ്ധരുടെ പരിശോധന നടത്തിയ ഇവ കമ്പനികളില്‍നിന്ന് നേരിട്ട് വാങ്ങി വിതരണം ചെയ്യുമെന്നും പി.ടി.എ. റഹീമിന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി. തദ്ദേശീയമായി നിര്‍മിക്കാനും ഇറക്കുമതി ചെയ്യാനും വില നിയന്ത്രണമുണ്ട്. കൂടിയ വിലയ്ക്ക് വിറ്റുകൊണ്ടിരിക്കുന്നവരും നിരക്ക് കുറക്കണം. അടിസ്ഥാനവിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നവര്‍ അങ്ങനെതന്നെ നല്‍കണം. ഇവയുടെ നിര്‍മാണം കേന്ദ്ര-സംസ്ഥാന മരുന്ന് നിയന്ത്രണ വകുപ്പിനുകീഴിലാണ്.
സ്റ്റെന്‍റിന്‍െറ വിലനിയന്ത്രണം മൂലം ലാഭത്തിലെ കുറവ് പരിഹരിക്കാന്‍ മറ്റ് നിരക്കുകള്‍ ഈടാക്കാന്‍ ശ്രമിച്ചാല്‍ അവശ്യവസ്തുനിയമപ്രകാരം നടപടി എടുക്കും. സ്വകാര്യ ആശുപത്രികള്‍ മറ്റ് നിരക്കുകള്‍ കൂട്ടുന്നെന്ന ആരോപണമുണ്ട്. ആശുപത്രികളിലെ ആന്‍ജിയോപ്ളാസ്റ്റി ഉള്‍പ്പെടെ ഹൃദ്രോഗ ചികിത്സ നിരക്കുകള്‍ പരിശോധിക്കും.
ഉപയോഗിക്കുന്ന സ്റ്റെന്‍റിന്‍െറ വിശദാംശങ്ങള്‍ ബില്ലില്‍ രേഖപ്പെടുത്താനും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ ഓര്‍ഡര്‍ നല്‍കാതിരിക്കുകയോ പുതിയ വിലയില്‍ സ്റ്റെന്‍റ് എടുക്കാന്‍ മടിക്കുകയോ ചെയ്യുന്നതിന്‍െറ വിവരം നല്‍കാന്‍ ഒൗഷധ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടട്ടുണ്ട്.
സ്റ്റെന്‍റ് നിര്‍മാണച്ചെലവ് അടക്കം വിശദാംശങ്ങള്‍, ഒൗഷധനിയന്ത്രണ വകുപ്പിനും വിതരണക്കാര്‍ക്കും വില്‍പനക്കാര്‍ക്കും നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ലാഭക്കുറവ് നികത്താന്‍ ആശുപത്രികള്‍ മറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.