പോരിന്റെ തുടക്കം കണ്ണൂരിൽ; പിന്നെയത് ശീലമായി
text_fieldsകണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാറും തമ്മിലെ പരസ്യ പോരിന്റെ തുടക്കം കണ്ണൂരിൽനിന്ന്. 2019 സെപ്റ്റംബർ ആറിന് ഗവർണറായി ചുമതലയേറ്റ് മൂന്നുമാസം പിന്നിട്ടപ്പോഴേക്കും കണ്ണൂരിൽക്കണ്ട ഭാവം പിന്നെ പലയിടത്തും ആവർത്തിച്ചു. വേദികളിലെല്ലാം ഗവർണർ സർക്കാറുമായി പോർമുഖം തീർക്കാൻ തുടങ്ങി. ഇപ്പോഴത് ശീലമായി. ഒടുവിൽ ‘ബ്ലഡി കണ്ണൂർ’ പരാമർശവും പുറത്തുവന്നതോടെ ഗവർണറുടേത് വെറും കണ്ണൂർ കലിപ്പായി മാറിയെന്നാണ് വിമർശനം.
2019 ഡിസംബർ 28ന് കണ്ണൂർ സർവകലാശാലയിൽ നടന്ന ദേശീയ ചരിത്ര കോൺഗ്രസ് വേദിയിലാണ് ഗവർണറുടെ ആദ്യ പൊട്ടിത്തെറി. സംസ്ഥാനത്തിന് ഒട്ടും പരിചിതമല്ലാത്ത ഗവർണറുടെ മുഖമാണ് അന്ന് കണ്ടത്. രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം കത്തിനിൽക്കുന്ന വേള. ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് പൗരത്വ നിയമത്തെ അനുകൂലിച്ചും സമരത്തെ തള്ളിപ്പറഞ്ഞും ഗവർണർ സംസാരിക്കാൻ തുടങ്ങി.
ചരിത്ര കോൺഗ്രസ് പ്രതിനിധികൾ എണീറ്റുനിന്ന് ബഹളംവെച്ചും പ്ലക്കാർഡ് ഉയർത്തിയും പ്രതിഷേധിച്ചു. വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരൻ പ്രഫ. ഇർഫാൻ ഹബീബ് ഗവർണറുടെ അടുത്തേക്കുവന്ന് ഉച്ചത്തിൽ പ്രതിഷേധിച്ചു. ഇതോടെ, പ്രസംഗം പാതിവഴിയിൽ നിർത്തി സെമിനാർ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് ഗവർണർ വേദി വിട്ടു. സംഘാടക സമിതി ചെയർമാൻ കൂടിയായ അന്നത്തെ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ ഗെസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് ഗവർണർ അതൃപ്തി അറിയിച്ചു.
ശേഷം സർക്കാറിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഗവർണറുടെ ഒളിയമ്പുകൾ. ഗവർണർ എന്നാൽ റബർ സ്റ്റാമ്പ് അല്ലെന്ന് ഇടക്ക് ഓർമപ്പെടുത്തൽ. അതിനിടെ, സർക്കാറുമായി ‘നല്ലനടപ്പും’ തുടങ്ങി. 2022 ആഗസ്റ്റ് 21ന്, രണ്ടുവർഷം മുമ്പത്തെ ചരിത്ര കോൺഗ്രസ് സംഭവം ചൂണ്ടിക്കാട്ടി കണ്ണൂർ വി.സിയെ ക്രിമിനൽ എന്നുവിളിച്ചും തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചും ഗവർണർ രംഗത്തുവന്നു. 2021 നവംബർ 23ന് ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി പുനർനിയമനം നടത്തിയ അതേ ഗവർണറാണ് ക്രിമിനലെന്ന് വിളിച്ചതെന്നതാണ് കൗതുകകരം.
സർക്കാറിന്റെ ഇടപെടലാണ് പുനർനിയമനം കൊടുക്കാൻ കാരണമായതെന്ന് സുപ്രീംകോടതിയിൽ ഗവർണർ തന്നെ സത്യവാങ്മൂലം കൊടുത്തതോടെ ബാഹ്യസ്വാധീനം വ്യക്തമായെന്നുകണ്ട് വി.സിയെ സുപ്രീംകോടതി പുറത്താക്കി. അങ്ങനെ, കണ്ണൂരിൽ തുടങ്ങിയ അനിഷ്ടമാണ് സർക്കാർ പോരായി കത്തിപ്പടരുന്നത്. ഗവർണറുടെ ‘ബ്ലഡി കണ്ണൂർ’ പരാമർശത്തിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധങ്ങൾക്കാണ് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.