മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: ഗൗരവതരം, ഉടൻ റിപ്പോർട്ട് തേടും -ഗവർണർ
text_fieldsതിരുവനന്തപുരം: സ്വർണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശത്തിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെയാണ് പത്രത്തിൽ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതെന്നും തിരുവനന്തപുരത്ത് എത്തിയാൽ ഉടൻ റിപ്പോർട്ട് തേടുമെന്നും ഗവർണർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 150 കിലോ സ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്. സ്വർണക്കടത്ത് നടക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിട്ടും ഇത്രയും ഗൗരവമായ വിഷയത്തിൽ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന് ഗവർണർ ചോദിച്ചു. ഈ വിഷയത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.
ആദ്യമായി അൻവറിനെ തള്ളിപ്പറഞ്ഞ സമയത്താണ് കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണത്തിന്‍റെയും കള്ളപ്പണത്തിന്‍റെയും കണക്ക് മുഖ്യമന്ത്രി അവതരിപ്പിച്ചത്. സി.പി.എമ്മിന്‍റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനുള്ള തെളിവാണിതെന്നായിരുന്നു അൻവർ ഇതേക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെ സ്വർണ്ണക്കടത്ത് പരാമർശം ആവര്‍ത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.