പുതിയ നീക്കവുമായി ഗവർണർ
text_fieldsതിരുവനന്തപുരം: ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന കേരള വൈസ് ചാൻസലർക്ക് പകരക്കാരനെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് അറിയിക്കാൻ വി.സിക്ക് ഗവർണറുടെ നിർദേശം. സർക്കാറും ഗവർണറും തമ്മിൽ തുറന്നപോരിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് കേരള വി.സി നിയമനത്തിൽ സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന രാജ്ഭവൻ നടപടി. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടന മാറ്റുന്നതിനും ഭൂരിപക്ഷം അംഗങ്ങൾ മുന്നോട്ടുവെക്കുന്ന പാനൽ ഔദ്യോഗിക പാനലാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമഭേദഗതി ബിൽ ഗവർണറുടെ അംഗീകാരം കാത്തുകിടക്കുന്നതിനിടെയാണ് പുതിയ നീക്കം. ഗവർണർ ആഗസ്റ്റ് അഞ്ചിന് രൂപവത്കരിച്ച സെർച്ച് കമ്മിറ്റി അസാധുവാക്കാൻ ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമസഭ ബിൽ പാസാക്കിയത്.
കഴിഞ്ഞ ജൂലൈ 15ന് ചേർന്ന സർവകലാശാല സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രനെ സെനറ്റ് പ്രതിനിധിയായി നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. പകരക്കാരനെ സർവകലാശാല നൽകാത്തതുകൊണ്ട് മൂന്നംഗ സെർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ കമ്മിറ്റി രൂപവത്കരിച്ചത്.
കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ, ഇതേവരെ സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വി.സി നടപടിയെടുത്തിട്ടില്ല. ഗവർണറുടെ അംഗീകാരം കാത്തുകിടക്കുന്ന ബില്ലിൽ സെനറ്റിന് പകരം സിൻഡിക്കേറ്റിന്‍റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയത്. എന്നാൽ, നിയമഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തതിനാൽ നിലവിലെ നിയമമനുസരിച്ച് സെനറ്റിന്‍റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തേണ്ടത്. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാഷിഷ് ചാറ്റർജി, കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ബട്ടു സത്യനാരായണ എന്നിവരാണ് ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ.
ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി തീരുന്നതുവരെ സർവകലാശാല പ്രതിനിധിയെ നൽകാതിരിക്കാനാണ് സർവകലാശാല നീക്കം. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല വിമുഖത കാട്ടിയാൽ രണ്ടംഗ കമ്മിറ്റി വി.സി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് സൂചന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.