വി.സിമാർക്ക് വീണ്ടും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; മറുപടിക്കൊപ്പം വി.സിമാരെ നേരിട്ട് കേൾക്കാനും സന്നദ്ധത
text_fieldsതിരുവനന്തപുരം: പദവിയിൽനിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടി ബോധിപ്പിക്കുന്നതിനൊപ്പം വൈസ് ചാൻസലർമാരെ നേരിട്ട് കേൾക്കാനും രാജ്ഭവൻ തീരുമാനം. ചാൻസലറായ ഗവർണറെ നേരിൽ കണ്ട് ഭാഗം വിശദീകരിക്കണമെന്നുള്ളവർ അക്കാര്യം ഈ മാസം ഏഴിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ വി.സിമാർക്ക് കത്തയച്ചു.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഒമ്പത് സർവകലാശാല വി.സിമാർക്ക് അനുവദിച്ച സമയം വ്യാഴാഴ്ചയും രണ്ടു പേർക്കുള്ളത് വെള്ളിയാഴ്ചയും അവസാനിക്കാനിരിക്കെയാണ് നേരിട്ട് കേൾക്കാൻ ഗവർണർ സന്നദ്ധത പ്രകടിപ്പിച്ചത്. രേഖാമൂലം മറുപടി നൽകാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കുമെന്ന് കത്തിൽ ആവർത്തിച്ചിട്ടുണ്ട്.
നിയമനത്തിൽ യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള നടപടികൾ പാലിച്ചില്ലെന്ന കാരണത്താൽ സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് 11 വി.സിമാർക്ക് ഇതേ കാരണം ചൂണ്ടിക്കാട്ടി ഗവർണർ നോട്ടീസ് നൽകിയത്. ഇതിൽ ഒമ്പത് വി.സിമാരോട് ഗവർണർ ആദ്യം രാജി ആവശ്യപ്പെടുകയായിരുന്നു. വി.സിമാർ ഇതു തള്ളുകയും നടപടി ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
പിന്നാലെ ഡിജിറ്റൽ, ഓപൺ സർവകലാശാല വി.സിമാർക്ക് കൂടി രാജ്ഭവൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. വി.സിമാർക്കെതിരെ നടപടിയെടുക്കുംമുമ്പ് അവർക്ക് കാര്യങ്ങൾ ബോധിപ്പിക്കാൻ മതിയായ അവസരം നൽകിയെന്ന് കോടതിയിൽ ഉൾപ്പെടെ അറിയിക്കാനാണ് നേരിട്ട് കേൾക്കാൻ രാജ്ഭവൻ സന്നദ്ധത അറിയിച്ചതെന്നാണ് സൂചന.
നേരിട്ട് കേൾക്കണമെന്ന് വി.സിമാർ ആവശ്യപ്പെട്ടാൽ അതിനായി പ്രത്യേക സമയം അനുവദിക്കും. അതേസമയം, ചൊവ്വാഴ്ച വൈകീട്ടുവരെ വി.സിമാർ ആരും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. ബുധനാഴ്ചയോ വ്യാഴാഴ്ചയോ മറുപടി നൽകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.