ഡോ. വി. വേണു ആഭ്യന്തര സെക്രട്ടറി; ഐ.എ.എസ് തലത്തിൽ അഴിച്ചുപണി
text_fieldsതിരുവനന്തപുരം: ഡോ. വി. വേണുവിനെ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ടി.കെ. ജോസ് ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലാണിത്. ഇതടക്കം ഐ.എ.എസ് തലത്തിൽ അഴിച്ചുപണി നടത്തി.
ഡോ. വേണു നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്. പരിസ്ഥിതി വകുപ്പിന്‍റെ അധിക ചുമതലയും വഹിക്കും. ടൂറിസം, സാംസ്‌കാരികം അടക്കം വിവിധ വകുപ്പുകളിൽ പ്രവർത്തിച്ചിരുന്നു. 1990 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേന്ദ്ര സർക്കാറിൽ വിവിധ വകുപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന് പട്ടികവിഭാഗം, പിന്നാക്കം, സാംസ്കാരികം എന്നിവയുടെ പൂർണ അധിക ചുമതല നൽകി. ഇഷിത റോയിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കാർഷികോൽപാദന കമീഷണറുടെ അധിക ചുമതല തുടരും.
ഡോ. രാജൻ ഖൊബ്രഗഡെയെ ആരോഗ്യവകുപ്പിൽനിന്ന് മാറ്റി. കോവിഡ് കാലത്ത് ആരോഗ്യവകുപ്പിന്‍റെ ചുമതല അദ്ദേഹത്തിനായിരുന്നു. ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് പുതിയ നിയമനം. ഷിപ്പിങ്, ഇൻലാന്‍റ് നാവിഗേഷൻ, കൃഷി വകുപ്പുകളുടെ പൂർണ അധിക ചുമതലയും അദ്ദേഹത്തിന് നൽകി. ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. ആയുഷ്, തുറമുഖം വകുപ്പുകളുടെ പൂർണ അധിക ചുമതലയും ടിങ്കു ബിസ്വാളിന് നൽകി.
ഡോ. ഷർമിള മേരി ജോസഫിന് തദ്ദേശവകുപ്പിന്‍റെ പൂർണ അധിക ചുമതല നൽകി. അലി അസ്ഗർ പാഷ ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിയാകും. നിലവിൽ കൃഷി സെക്രട്ടറിയാണ്. എൻ. പ്രശാന്തിനെ പട്ടികജാതി-പട്ടികവർഗ വകുപ്പ്, പിന്നാക്ക വിഭാഗം എന്നിവയുടെ സ്പെഷൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. നിലവിൽ ഷിപ്പിങ് ആൻഡ് ഇൻലാന്‍ഡ് കോർപറേഷൻ മാനേജിങ് ഡയറക്ടറായിരുന്നു. അലക്സ് വർഗീസാണ് സഹകരണ രജിസ്ട്രാർ. മുല്ലപ്പെരിയാർ സൂപ്പർവൈസറി കമ്മിറ്റി അംഗമായും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.