ശമ്പളമുടക്കം: ധനവകുപ്പ് ഉദ്യോഗസ്ഥർക്ക് ഒരുക്കിയ ഉച്ചവിരുന്നിലേക്ക് തള്ളിക്കയറാൻ ശ്രമം
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നിരാഹാരം തുടങ്ങി. സെക്രട്ടേറിയറ്റിനുമുന്നിൽ ആരംഭിച്ച സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പൂച്ച പെറ്റുകിടക്കുന്നതിന് ഏറ്റവും നല്ല സ്ഥലം സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ശമ്പള വിഷയത്തിൽ ധനമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. കേന്ദ്ര സർക്കാറിൽ നിന്ന് 4200 കോടി കിട്ടിയിട്ടും ശമ്പളം മുടങ്ങി. ഓവർ ഡ്രാഫ്റ്റും റിസർവ് ബാങ്ക് മുൻകൂറും ക്രമീകരിച്ചപ്പോൾ 4000 കോടി തീർന്നു. 200 കോടി കൈയിൽവെച്ച് 4500 കോടി വിതരണം ചെയ്യാനുള്ള മാജിക്ക് സർക്കാറിന്റെ പക്കലില്ല. ഇത് സാങ്കേതിക പ്രശ്നമല്ല, ഭൂലോക തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ് കൂടിച്ചേർത്തു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ. ബിനു, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ട്രഷറർ കെ.എം. അനിൽകുമാർ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ബജറ്റ് തയാറാക്കിയ ധനവകുപ്പ് ഉദ്യോഗസ്ഥർക്കായി ധനമന്ത്രി ഒരുക്കിയ ഗെസ്റ്റ് ഹൗസിലെ വിരുന്നിലേക്കും സെറ്റോ പ്രവർത്തകർ പ്രതിഷേധവുമായെത്തി. യോഗസ്ഥലത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.