കാട്ടുപന്നി: വെടിവെക്കാൻ ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും നാശംവിതക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി ഉത്തരവിറങ്ങി. തോക്ക് ലൈസൻസുള്ളയാൾക്ക് തദ്ദേശസ്ഥാപന അധ്യക്ഷരുടെ ഉത്തരവുപ്രകാരം കാട്ടുപന്നികളെ വെടിവെക്കാം. ഒരു രീതിയിലുമുള്ള ക്രൂരത പാടില്ലെന്നും ഉത്തരവ് നിർദേശിക്കുന്നു.
വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപിച്ചോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചോ കൊല്ലരുത്. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലവന്മാർക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ഒരു വർഷത്തേക്കാണ് അധികാരം. ഇതിനായി തദ്ദേശ സ്ഥാപനതലവന്മാർക്ക് ഓണററി വൈൽഡ്‍ലൈഫ് വാർഡൻ പദവി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. നിലവിൽ കാട്ടുപന്നികളെ വെടിവക്കാനുള്ള അനുമതി നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനാണ്.
നിബന്ധനകൾ
അതത് പ്രദേശങ്ങളിലെ സാഹചര്യമനുസരിച്ച് കാട്ടുപന്നിയെ വെടിവെച്ചിടാന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് ഉത്തരവിടാം. ഇതിനായി തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യമൃഗങ്ങൾക്കും ഹാനിയുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസർ തയാറാക്കി പോസ്റ്റുമോർട്ടം നടത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കണം. കാട്ടുപന്നികളെ കൊല്ലാനും സംസ്കരിക്കാനും ജനജാഗ്രത സമിതികളുടെ സേവനം പ്രയോജനപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.