സർക്കാർ മദ്യമുതലാളിമാർക്ക് കീഴടങ്ങി –നേതാക്കൾ
text_fieldsതിരുവനന്തപുരം: സ്കൂളുകളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നുമുള്ള ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍നിന്ന് 50 ആയി കുറച്ച സര്‍ക്കാര്‍ നടപടി തെരഞ്ഞെടുപ്പ് കാലത്ത് മദ്യമാഫിയയില്നിന്നും കൈപ്പറ്റിയ കോടികളുടെ പ്രത്യുപകാരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മദ്യമുതലാളിമാര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണമായും കീഴ്പ്പെട്ടിരിക്കുകയാണെന്ന വാദം നൂറുശതമാനം ശരിവെക്കുന്നതാണ് ഈ നടപടി. ടൂറിസത്തിന് വേണ്ടിയാണ് ദൂരപരിധി കുറക്കുന്നതെന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന തമാശയാണ്.
ടൂറിസ്റ്റുകള്‍ക്ക് വേണ്ടി വിദ്യാലയങ്ങളുടെ വാതിലില്തന്നെ ബാറുകള്‍ തുറക്കണോ എന്നും ചെന്നിത്തല ചോദിച്ചു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ഇടതുസര്‍ക്കാറിെൻറ ശ്രമത്തിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സർക്കാറിെൻറ കൂറ് മദ്യമുതലാളിമാരോടാണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്ന് വി.എം. സുധീരൻ കുറ്റപ്പെടുത്തി. ദൂരപരിധിയിൽ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകൾക്ക് സർക്കാറിെൻറ ഓണസമ്മാനമാണ്.
കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ഈ സർക്കാർ ജനങ്ങൾക്കൊപ്പമല്ല വിദ്യാർഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെൻറുകൾക്കും ഭൂമാഫിയക്കും മദ്യമുതലാളിമാർക്കും ഒപ്പമാണെന്നത് വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി കുറച്ചതിലൂടെ ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മദ്യശാലകള്‍ തുറക്കാനുള്ള അവസരം സർക്കാർ ഒരുക്കിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് പറഞ്ഞു. മദ്യവർജനമാണ് സര്‍ക്കാറിെൻറ നയമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി, ഘട്ടംഘട്ടമായി ബാറുകള്‍ തുറക്കുന്നതിലൂടെ മദ്യവ്യാപനമാണ് സര്‍ക്കാര്‍ നയമെന്ന് തെളിയിച്ചു.
സംസ്ഥാനത്ത് മദ്യം ഒഴുക്കാന്‍ എൽ.ഡി.എഫ് ശ്രമിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമവും ഓണാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തില്‍ ഇളവുനല്‍കി പൂട്ടിയ ബാറുകളും മദ്യവിൽപന ശാലകളും തുറന്ന് ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങളാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ബാറുടമകളും സര്‍ക്കാറും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടിെൻറ ഭാഗമായാണ് മദ്യമുതലാളിമാര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നത്. ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
ആരാധനാലയങ്ങളുടേയും വിദ്യാലയങ്ങളുടേയും അമ്പത് മീറ്റര്‍ അരികെ ബാറുകള്‍ ആരംഭിക്കാൻ അനുമതി നല്കിയ സര്‍ക്കാര്‍ തീരുമാനം മദ്യവര്‍ജനത്തെ അട്ടിമറിക്കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തീരുമാനത്തിന് പിന്നില്‍ ടൂറിസം പ്രോല്സാഹിപ്പിക്കലാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പിന്നില്‍ ബാര്‍ മുതലാളിമാരുടെ സമ്മർദമാണെന്ന ആരോപണം ബലപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തിനെതിരെ മതനേതാക്കൾ, സന്നദ്ധ സംഘടനകൾ, സഭാമേലധ്യക്ഷന്മാര് എന്നിവരുമായി ചേർന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. പ്രത്യേക യു.ഡി.എഫ് യോഗം ചേരാന്‍ ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.