ബോധവത്കരണ നോട്ടീസടിക്കാന്‍ ലക്ഷങ്ങള്‍; മൃതദേഹം നാട്ടിലത്തെിക്കാന്‍ പിരിവെടുക്കണം
text_fieldsതിരുവനന്തപുരം: ഇതരസംസ്ഥാനതൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതിയടക്കം നിര്‍ജീവമായി തുടരുന്നതിനിടെ ബോധവത്കരണത്തിനെന്ന പേരില്‍ നോട്ടീസടിക്കാനും പ്രചാരണത്തിനും വന്‍തുക വകയിരുത്തല്‍. ഇതരഭാഷകളില്‍ ബോധവത്കരണ നോട്ടീസ് അച്ചടിക്കല്‍, വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ ഇനങ്ങളിലായി 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അച്ചടിച്ച നോട്ടീസുകള്‍ പോലും വിതരണം ചെയ്യാതെ പലയിടങ്ങളിലും കെട്ടിക്കിടക്കുമ്പോഴാണ് അതൊന്നും പരിശോധിക്കാതെ വീണ്ടും ഫണ്ട് അനുവദിച്ചിരിക്കുന്നത്. അപകടങ്ങളിലോ മറ്റോ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലത്തെിക്കാന്‍ ഒപ്പമുള്ളവര്‍ പിരിവ് എടുക്കേണ്ട സാഹചര്യത്തിലാണ് ബോധവത്കരണത്തിന്‍െറ പേരില്‍ വീണ്ടും പാഴ്ചെലവിന് കളമൊരുങ്ങുന്നത്.
സെമിനാറുകള്‍, പഞ്ചായത്തുകളുടെ സഹകരണത്തോടെ യോഗങ്ങള്‍, വിഡിയോ ക്ളാസ്, ഹിന്ദി, ബംഗാളി ഭാഷകളില്‍ അവകാശങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ എന്നിവക്ക് നീക്കിവെച്ചിട്ടുള്ളത് 35 ലക്ഷം രൂപയാണ്. ഇതരസംസ്ഥാനക്കാര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ മുതല്‍ ഡ്രൈവര്‍മാര്‍ വരെയുള്ളവരുടെ ഓണറേറിയത്തിനും ഫോട്ടോ, വിഡിയോ ഇനത്തിനുമായാണ് ശേഷിക്കുന്ന 15 ലക്ഷം. ഓരോ ജില്ലക്ക് നല്‍കേണ്ട തുകയും ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം -ഏഴു ലക്ഷം, കൊല്ലം -മൂന്നു ലക്ഷം, പത്തനംതിട്ട -2.75 ലക്ഷം, ആലപ്പുഴ -മൂന്നു ലക്ഷം, കോട്ടയം-മൂന്നു ലക്ഷം, എറണാകുളം -ഏഴു ലക്ഷം, ഇടുക്കി -2.5 ലക്ഷം, വയനാട് -1.7 ലക്ഷം, തൃശൂര്‍ -മൂന്നു ലക്ഷം, കോഴിക്കോട് -അഞ്ചു ലക്ഷം, മലപ്പുറം -മൂന്നു ലക്ഷം, പാലക്കാട് -മൂന്നു ലക്ഷം, കണ്ണൂര്‍ -മൂന്നു ലക്ഷം, കാസര്‍കോട് -2.75 ലക്ഷം എന്നിങ്ങനെയാണ് വിഹിതം.
മുന്‍ വര്‍ഷങ്ങളിലും സമാനസ്വഭാവത്തില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് പ്രയോജനമൊന്നും ഉണ്ടായിട്ടില്ളെന്ന് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍തേടിയത്തെുന്നവരില്‍ നല്ളൊരു ശതമാനത്തിനും എഴുത്തും വായനയുമറിയില്ളെന്നതിനാല്‍ സാക്ഷരതാ മിഷന്‍ ഇവരെ ഹിന്ദിയും മലയാളവും പഠിപ്പിക്കാന്‍ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണിത്.
നിരവധി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി 2006ല്‍ തുടങ്ങിയ ഇതരസംസ്ഥാനക്കാര്‍ക്കുള്ള ക്ഷേമപദ്ധതിയില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച 10 കോടി നിലവില്‍ പലിശയടക്കം 13 കോടിയായി വര്‍ധിച്ചതല്ലാതെ വിതരണമൊന്നും നടന്നിട്ടില്ല. ഇതിനിടെ പാന്‍കാര്‍ഡ് എടുത്ത് നല്‍കാത്തതിനെ തുടര്‍ന്ന് 10 വര്‍ഷത്തിനിടെ ഈ ഫണ്ടിലെ പലിശയില്‍നിന്ന് ആദായനികുതി വിഭാഗം 1.30 കോടി രൂപ പിടിക്കുകയും ചെയ്തു. ഈ പദ്ധതി കാര്യക്ഷമമാക്കാന്‍ ഒന്നും ചെയ്യാതെയാണ് ബോധവത്കരണത്തിനുള്ള അധികൃതരുടെ തിടുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.