മന്ത്രിസഭ തീരുമാനം: 48 മണിക്കൂറിനകം ഉത്തരവില്ലെങ്കിൽ നടപടി
text_fieldsതിരുവനന്തപുരം: മന്ത്രിസഭ തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവായി ഇറക്കാൻ കർശന നിർദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വകുപ്പുകൾക്കും സെക്രട്ടറിമാർക്കും സർക്കുലർ നൽകി. പ്രളയത്തിൽ നാശം നേരിട്ട കർഷകരുടെ വായ്പക്ക് മൊറേട്ടാറിയം നൽകാനുള്ള മന്ത്രിസഭ തീരുമാനത്തിൽ ഉത്തരവ് വൈകിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങിയിരുന്നു. ഇതിൽ ഉദ്യോഗസ്ഥരെ ന്യായീകരിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭ തള്ളിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് സർക്കുലർ.
48 മണിക്കൂറിനകം മന്ത്രിസഭ തീരുമാനത്തിൽ ഉത്തരവ് ഉണ്ടാകണമെന്ന നാലു മുൻ സർക്കുലറുകളും ചീഫ് സെക്രട്ടറി ഒാർമിപ്പിച്ചിട്ടുണ്ട്. ഉത്തരവിലെ താമസം അതി ഗൗരവതരമാണ്. സമയബന്ധിതമായി ഉത്തരവ് ഇറക്കാൻ ഏകോപനവും മേൽനോട്ടവും ഉറപ്പാക്കാനും വീഴ്ച ആവർത്തിക്കാതിരിക്കാനുമാണ് നടപടി. മന്ത്രിസഭ തീരുമാനം ലഭിച്ച അന്നുതന്നെ വകുപ്പ് സെക്രട്ടറിമാർ നടപ്പാക്കി ഉത്തരവിറക്കണമെന്ന് സെക്രേട്ടറിയറ്റ് ഒാഫിസ് മാന്വലിൽ പറയുന്നതും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
നിർദേശങ്ങൾ
- 48 മണിക്കൂറിനകം ഉത്തരവ് ഇറങ്ങിയെന്ന് ബന്ധപ്പെട്ട സെക്രട്ടറിമാരോ ലിങ്ക് ഒാഫിസർമാരോ ഉറപ്പാക്കണം.
- ഉത്തരവ് ഇറക്കുന്ന അന്നുതന്നെ മന്ത്രിസഭ തീരുമാനത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് പൊതുഭരണവകുപ്പിന് നൽകണം.
- നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വേണ്ട തീരുമാനങ്ങൾ 48 മണിക്കൂറിനകം നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആ തീരുമാനത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് അന്നുതന്നെ പൊതുഭരണവകുപ്പിന് നൽകണം.
- വിജ്ഞാപനമോ ഉത്തരവോ പുറപ്പെടുവിച്ചാലുടൻ പകർപ്പ് മന്ത്രിസഭ തീരുമാനം ഇനം നമ്പരവും തീയതിയും രേഖപ്പെടുത്തി പൊതുഭരണവകുപ്പിന് നൽകണം.
- മന്ത്രിസഭ തീരുമാനങ്ങളിൽ സ്വീകരിച്ച നടപടി റിപ്പോർട്ടുകൾ പൊതുഭരണവകുപ്പിൽ ക്രോഡീകരിച്ച് അടുത്ത മന്ത്രിസഭ യോഗത്തിന് സമർപ്പിക്കണം.
- സ്വീകരിച്ച നടപടികളിൽ സമയ ക്ലിപ്തത കൃത്യമായി പാലിക്കണം. വീഴ്ചവന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.