‘കേരള’ എന്നല്ല ‘കേരളം’ എന്ന് വേണം; തിരുത്തിനായുള്ള പ്രമേയം പാസ്സാക്കി നിയമസഭ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പേര് എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസായതോടെ സർക്കാർ രേഖകളിലടക്കം ‘കേരളം’ എന്ന് ഉപയോഗത്തിൽ വരും. ഭരണഘടനയിലും ഔദ്യോഗികമായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എഴുത്തിലും ഈ മാറ്റം പ്രകടമാകും.
മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് 'കേരളം' എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യര്‍ത്ഥിക്കുന്നു -പ്രമേയത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.