നീറ്റ്: അന്വേഷണം ആവശ്യപ്പെട്ട് കേരളവും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: കാൽക്കോടിയോളം വിദ്യാർഥികൾ എഴുതിയ നീറ്റ് -യു.ജി പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളവും. ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു.
നീറ്റ് പ്രവേശന പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കാനും ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനും ശക്തമായ നടപടികൾ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരീക്ഷയുടെ ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ ഒട്ടേറെ വിദ്യാർഥികളും രക്ഷാകർത്താക്കളും പരീക്ഷാ നടപടിയെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചതാണ്. ഒന്നോ രണ്ടോ പേർ മാത്രം മുഴുവൻ മാർക്കും നേടി ഒന്നാമതെത്തുന്ന സ്ഥാനത്ത് 67 പേർ 720 സ്കോർ നേടി ഒന്നാം റാങ്കുകാരായതാണ് പ്രധാനമായും ആശങ്കയുണരാൻ കാരണമായത്. പരീക്ഷാ നടത്തിപ്പിലെ ന്യായവും സുതാര്യതയും സംബന്ധിച്ച് ഇതു സംശയങ്ങളുണർത്തി. ആക്ഷേപങ്ങൾ പരിഗണിച്ച് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എ പരാതി പരിഹാര സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത് നന്നായെങ്കിലും വിദ്യാർഥികളും രക്ഷാകർത്താക്കളും ഉന്നയിച്ച ആരോപണങ്ങൾ അടിയന്തരവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുന്നവയാണെന്നും പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.