സർക്കാർ ഒരു ഉദ്യോഗസ്ഥനെ ബലികൊടുത്ത് ഗവർണറുമായി ഒത്തുതീർപ്പ് നടത്തി -കാനം
text_fieldsതിരുവനന്തപുരം: നയപ്രഖ്യാപനം അംഗീകരിക്കാനായി ഇടത് മുന്നണി സർക്കാർ ഒരു ഉദ്യോഗസ്ഥനെ ബലികൊടുത്ത് ഒത്തുതീർപ്പ് നടത്തിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 'സംസ്ഥാനത്തെ ഭരണ നേതൃത്വമാണ് ഒത്തുതീർപ്പ് നടത്തിയത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ ചെയ്ത കാര്യമല്ല. ഒരു ഉദ്യോഗസ്ഥനെ ബലികൊടുത്താണ് സർക്കാർ പ്രശ്നം പരിഹരിച്ചത്. രാഷ്ട്രീയമായി എതിർക്കേണ്ടതിനെ എതിർക്കണം. അതിനുള്ള അവസരം നഷ്ടപ്പെടുത്താൻ പാടില്ല' -കാനം മാധ്യമങ്ങളോട് തുറന്നടിച്ചു.
'പി.ആർ.ഡിയിൽനിന്ന് ഡെപ്യൂട്ടേഷനിൽ പോകേണ്ട ഒരു തസ്തികയിലേക്ക് താൽക്കാലിക ജീവനക്കാരനെ സ്ഥിരമാക്കണമെന്ന് പറഞ്ഞാൽ അത് ഗവർണറുടെ കൊടുക്കൽ വാങ്ങൽ ആണ്. ഭരണഘടന ബാധ്യത നിറവേറ്റുന്നതിനിടയിൽ ഗവർണർ നടത്തിയത് ബ്ലാക്ക്മെയിൽ രാഷ്ട്രീയമാണ്. താൻ എടുത്തിട്ടുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നത് തന്നെ വളരെ വില കുറഞ്ഞ ആവശ്യമാണ്. ഇത് അംഗീകരിച്ചുവെന്നതാണ് സർക്കാറിന്റെ തെറ്റ്. വഴങ്ങിയതോടെ ഗവർണർ ചെയ്യേണ്ട ഉത്തരവാദിത്തം നിയമപരമായി ചെയ്യാൻ അദ്ദേഹത്തെ നിർബന്ധിക്കാനുള്ള സാഹചര്യം നഷ്ടപ്പെട്ടു. രാഷ്ട്രീയമായ നിലവാരത്തിൽ ഗവർണറുടെ നടപടിയെ തുറന്നുകാട്ടാനുള്ള അവസരവും നഷ്ടപ്പെട്ടു. ഫെഡൽ സംവിധാനത്തിനെതിരെ കടന്നാക്രമണം നടത്തുന്ന ഒരു സർക്കാറാണ് രാജ്യത്ത് അധികാരത്തിൽ. അതിന്റെ ഏജന്റാണ് ഗവർണർ. അങ്ങനെ പ്രവർത്തിക്കുന്ന ഗവർണറുടെ നടപടി രാഷ്ട്രീയമായി ദേശീയതലത്തിൽ ഉന്നയിക്കാനുള്ള അവസരമാണ് ഈ ഒത്തുതീർപ്പിലൂടെ എൽ.ഡി.എഫിന് നഷ്ടപ്പെട്ടത്.
ഗവർണർക്ക് ഒന്നുകിൽ രാജിവെക്കുകയോ പ്രസംഗം നടത്തുകയോ ചെയ്യാമായിരുന്നു. നിയമസഭ രണ്ട് ദിവസം മാറ്റിവെച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല. പക്ഷേ എൽ.ഡി.എഫിന്റെ അഭിമാനം മാനത്തോളം ഉയരും. ഗവർണർ തന്നെ ആവശ്യമില്ലെന്ന നിലപാടാണ് സി.പി.ഐക്ക് -കാനം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.