ബസ് ചാർജ്: ഹൈകോടതിയിൽ അപ്പീൽ പോകുമെന്ന് ഗതാഗത മന്ത്രി
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് താത്കാലികമായി വർധിപ്പിച്ചിരുന്ന ബസ് ചാർജ് പിന്നീട് കുറച്ച സർക്കാർ നടപടി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ.
വിധിയുടെ പകർപ്പ് കിട്ടിയാലുടൻ പഠിച്ച ശേഷം ഇതിനുള്ള നടപടിയെടുക്കും. യാത്രക്കാരുടെ വശം കേൾക്കാതെയുള്ള നടപടിയായി വേണം കോടതി വിധിയെ വിലയിരുത്താൻ. യാത്രക്കാരുടെ ബുദ്ധിമുട്ടും ബസുടമകളുടെ പ്രതിസന്ധിയും സർക്കാർ മനസ്സിലാക്കുന്നുണ്ട്. ബസ് ചാർജ് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ ലഭിക്കും.
അത് ഉടൻ നടപ്പാക്കുകയും ചെയ്യും. രണ്ടാഴ്ചക്കുള്ളിൽ പുതിയ നിരക്ക് കൊണ്ടുവരണമെന്നാണ് ൈഹകോടതി വിധിയിൽ പറയുന്നത് എന്ന് മനസ്സിലാക്കുന്നു. ചാർജ് നിർണയിക്കാനുള്ള സർക്കാർ സംവിധാനം ശരിയാണെന്ന് കോടതിയും അംഗീകരിച്ചെന്നാണ് ഇത് അർഥമാക്കുന്നതെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സർക്കാർ തീരുമാനമെടുക്കും വരെ നിലവിലെ നിരക്കാണ് സ്വകാര്യ ബസുകളും ഈടാക്കേണ്ടത്. സംസ്ഥാനത്ത് ചാർജ് വർധന ഉണ്ടായേക്കുമെന്ന സൂചനയും മന്ത്രി നൽകി. ‘ചാർജ് വർധന േവണ്ടി വരുന്ന സാഹചര്യമാണുള്ളത്. അത് പരിഗണിച്ചാണ് കമ്മീഷനെ നിയോഗിച്ചത്. ഇതുവരെയുള്ള എല്ലാ കമ്മീഷനും ബസ് ചാർജ് വർധന ശിപാർശ ചെയ്തിട്ടുമുണ്ട്’ -അദ്ദേഹം പറഞ്ഞു.
അതേസമയം, ബസ് ചാർജ് വർധന ഉണ്ടായേക്കുമെന്ന സൂചന ജസ്റ്റിസ് രാമചന്ദ്രനും നൽകി. ചാർജ് വർധന അനിവാര്യമാണെന്നാണ് തെൻറ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം ‘മീഡിയ വണ്ണി’നോട് പറഞ്ഞു. സാധാരണ നിരക്കും വിദ്യാർഥികൾക്കുള്ള നിരക്കും വർധിപ്പിക്കേണ്ടി വരും. സാധാരണ നിരക്കിെൻറ 50 ശതമാനം വിദ്യാർഥികളിൽനിന്ന് ഈടാക്കണമെന്നാണ് തെൻറ അഭിപ്രായം. ബസുടമകൾ ഈയൊരു അനുകമ്പ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 22നാണ് നിലവിലുണ്ടായിരുന്ന നിരക്കിൽ 50 ശതമാനം വർധന വരുത്തി സർക്കാർ ഉത്തരവിട്ടത്. തുടർന്ന് സ്വകാര്യബസുകൾ നിരത്തിലിറങ്ങിയിരുന്നു. എന്നാൽ, ജൂൺ ഒന്നിന് സർക്കാർ ഈ നിരക്ക് വർധന പിൻവലിക്കുകയായിരുന്നു. ഇരിപ്പിട ശേഷിയുടെ പകുതി മാത്രം യാത്രക്കാരെ കയറ്റണം, ആരെയും നിർത്തി യാത്ര ചെയ്യിക്കരുത് തുടങ്ങിയ നിബന്ധനകൾ പാലിച്ച് കുറഞ്ഞ നിരക്കിൽ സർവിസ് നടത്താൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ തിങ്കളാഴ്ച മുതൽ ബസുകൾ നിരത്തിലിറക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബസുടമകൾ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.