കേരള-ഗൾഫ് കപ്പൽ: നടപടികൾക്ക് ഗതിവേഗം
text_fieldsമലപ്പുറം: ഗൾഫിലേക്ക് കപ്പൽ സർവിസ് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കേരള മാരിടൈം ബോർഡ്. ഗൾഫ് സർവിസിന് സന്നദ്ധതയറിയിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര ആസ്ഥാനമായുള്ള കപ്പൽ കമ്പനികളടക്കം മാരിടൈം ബോർഡിനെ സമീപിച്ചു. താൽപര്യപത്രം നൽകാനുള്ള അവസാന സമയമായ ഏപ്രിൽ 22ന് ശേഷം തുടർനടപടികളിലേക്ക് കടക്കും.
അമിത വിമാന നിരക്കിൽ വലയുന്ന ഗൾഫ് യാത്രക്കാർക്ക് ആശ്വാസമാണ് ഈ പദ്ധതി. ഉത്സവ സീസണുകളിൽ ഗൾഫ് സെക്ടറിൽ 50,000 രൂപക്ക് മുകളിലാണ് വിമാന ടിക്കറ്റ് നിരക്ക്. കുടുംബാംഗങ്ങളടക്കം യാത്രചെയ്യുന്ന ആഘോഷ ദിവസങ്ങളിലും അവധിക്കാലത്തുമാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. വിമാനടിക്കറ്റിലെ കൊള്ളമൂലം ഇടത്തരക്കാരായ പ്രവാസികളുടെ കീശയാണ് ചോരുന്നത്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കപ്പെട്ടതും വിമാനടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് ജി.സി.സി രാജ്യങ്ങളിലേക്ക് കപ്പൽ സർവിസ് പദ്ധതി ആവിഷ്കരിച്ചത്. യാത്രക്കൊപ്പം വിനോദവും എന്ന നിലക്കാണ് ഗൾഫ് സർവിസിനെ മാരിടൈം ബോർഡ് അവതരിപ്പിക്കുന്നത്.കേരള-ഗൾഫ് റൂട്ടിൽ 1200 യാത്രക്കാരെ വഹിക്കാവുന്ന ട്രാവൽ ഡെക്കുകൾ മുതൽ ആഢംബര ക്രൂയിസുകൾ വരെ സർവിസ് നടത്താൻ ആലോചനയുണ്ട്. മൂന്ന് മുതൽ നാലു ദിവസം വരെയായിരിക്കും കപ്പലുകളുടെ യാത്രാസമയം. 10,000 മുതൽ 25,000വരെ ആയിരിക്കും യാത്രക്കൂലിയെന്നതിനാൽ കുടുംബങ്ങൾക്ക് ആശ്വാസകരമാണ്.
ഗുജറാത്ത് മാരിടൈം ബോർഡ് വഴി മാത്രം നാല് കമ്പനികളും മുംബൈ ആസ്ഥാനമായ ചില കമ്പനികളും സർവിസിന് താൽപര്യമറിയിച്ചിട്ടുണ്ട്. വലിയ ലഗേജുകളും ചരക്കുകളും ഉൾക്കൊള്ളുന്ന കാർഗോ സർവിസും പരിഗണനയിലുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടേയും തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയങ്ങളുടെയും അനുമതിയോടെയാണ് താൽപര്യ പത്രം ക്ഷണിച്ചത്. തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ ഒരു വർഷത്തിനകം കേരള-ഗൾഫ് റൂട്ടിൽ യാത്രാകപ്പൽ സർവിസ് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
യാത്രക്കാരുടെ താൽപര്യമറിയാൻ സർവേ
മലപ്പുറം: ഗൾഫ് കപ്പൽ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി, പ്രവാസി മലയാളികൾക്കിടയിൽ കേരള മാരിടൈം ബോർഡ് സർവേ ആരംഭിച്ചു. ജി.സി.സി രാഷ്ട്രങ്ങൾക്കും കേരളത്തിനും ഇടയിൽ കപ്പലിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ആവശ്യം മനസ്സിലാക്കുന്നതിനാണ് സർവേ. തുറമുഖ സൗകര്യ സുരക്ഷ (ഐ.എസ്.പി.എസ് കോഡ്) പാലിക്കുന്ന, കൊച്ചിയിലെ മേജർ തുറമുഖവും അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളിൽ നാല് വലിയ തുറമുഖങ്ങളും ഉള്ളതിനാൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് അനുകൂലമായ അന്തരീക്ഷം കേരളത്തിലുണ്ടെന്ന് മാരിടൈം ബോർഡ് അവകാശപ്പെടുന്നു. വിഴിഞ്ഞത്തിനും ബേപ്പൂരിനും ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐ.സി.പി) പദവിയുണ്ട്. കൊല്ലം തുറമുഖത്തിന് ഉടൻ ഈ പദവി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.