നീറ്റ് മുൻനിര റാങ്കിൽ കേരള നേട്ടം പകുതിയായി; മെഡിക്കൽ പ്രവേശന സാധ്യത കുറയും
text_fieldsതിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് റാങ്ക് പട്ടികയുടെ മുൻനിരയിൽ കേരള പ്രാതിനിധ്യം പകുതിയായി കുറഞ്ഞു. ഇത് സംസ്ഥാനത്തിന് പുറത്ത് അഖിലേന്ത്യ ക്വോട്ടയിൽ ഉൾപ്പെടെ പ്രവേശനം നേടുന്ന മലയാളികളുടെ എണ്ണം കുറയാനും സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ സീറ്റിന് ഡിമാൻറ് വർധിക്കാനും വഴിവെച്ചേക്കും.
കഴിഞ്ഞ വർഷം (2020) നീറ്റ് റാങ്ക് പട്ടികയിൽ ആദ്യ നൂറിൽ കേരളത്തിൽനിന്ന് 13 വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഏഴായി. ആദ്യ 200ൽ കഴിഞ്ഞ വർഷം 29 പേരുണ്ടായിരുന്നത് 18 ആയും ആദ്യ 500ൽ 71 ഉണ്ടായിരുന്നത് 38 ആയും കുറഞ്ഞു. കഴിഞ്ഞവർഷം ആദ്യ ആയിരം റാങ്കിൽ 165 പേരുണ്ടായിരുന്നത് ഇത്തവണ 77 ആയും 2000 റാങ്കിൽ 347 പേരുണ്ടായിരുന്നത് 153 ആയും ചുരുങ്ങി.
ആദ്യ 5000 റാങ്കിൽ കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യം കഴിഞ്ഞ വർഷം 811 ആയിരുന്നെങ്കിൽ ഇത്തവണ 390 ആണ്. ആദ്യ 10,000 റാങ്കിൽ കേരളത്തിൽ നിന്നുള്ളവർ കഴിഞ്ഞ വർഷം 1466 ആയിരുന്നെങ്കിൽ ഇത്തവണ 777 പേർ മാത്രം. ആദ്യ 15000 റാങ്കിൽ കഴിഞ്ഞ വർഷം 2067 പേരുള്ളത് ഇത്തവണ 1127 ആയി. ആദ്യ 20,000 റാങ്കിൽ 2582 പേരുണ്ടായിരുന്നത് ഇത്തവണ 1498ൽ ഒതുങ്ങി. കഴിഞ്ഞ വർഷം 48592 പേർ റാങ്ക് പട്ടികയിലുണ്ടായിരുന്നത് ഇത്തവണ 42075 ആയി.
എയിംസ്, ജിപ്മെർ ഉൾപ്പെടെ മുൻനിര മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകളിലും അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ വൻതോതിൽ മലയാളി പ്രാതിനിധ്യമുണ്ടായിരുന്നത് നീറ്റിലെ മെച്ചപ്പെട്ട പ്രകടനത്തിെൻറ ബലത്തിലാണ്.
ഇത്തവണ പുറത്ത് പ്രവേശന സാധ്യത കുറയുന്നത് കേരളത്തിലെ മെഡിക്കൽ കോളജുകളിലെ സ്റ്റേറ്റ് ക്വോട്ട സീറ്റിലേക്കുള്ള മത്സരം കടുപ്പിക്കും. കഴിഞ്ഞ വർഷം ഉയർന്ന റാങ്കുള്ള കൂടുതൽ വിദ്യാർഥികൾ കേരളത്തിന് പുറത്ത് പ്രവേശനം നേടിയതുവഴി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ സംസ്ഥാന പട്ടികയിലെ 1599ാം റാങ്കുള്ള വിദ്യാർഥിക്കും പ്രവേശനം ലഭിച്ചിരുന്നു.
ഇതിെൻറ ആനുകൂല്യം വിവിധ സംവരണ വിഭാഗത്തിലെ പ്രവേശനത്തിനും ലഭിച്ചിരുന്നു. ഇത്തവണ ആദ്യമായി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനവും മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനവും സംവരണം കൊണ്ടുവരുന്നതും പ്രവേശന സാധ്യതകളെ മാറ്റിമറിക്കാനിടയുണ്ട്. നീറ്റ് റാങ്ക് പട്ടികയിൽ മുൻനിരയിൽ വരുന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ സംവരണ സീറ്റുകളുടെ ആനുകൂല്യവും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.