കേരളത്തിനും ഒരു ക്യൂബന്‍ മനസ്സ്
text_fieldsതിരുവനന്തപുരം: മനസ്സിന്‍െറ കോണില്‍ എന്നും ഒരു ലിബറല്‍ ഇടതുപക്ഷ മനോഭാവം സൂക്ഷിച്ചിരുന്ന കേരളത്തിന് പ്രിയങ്കരനായിരുന്നു ഫിദല്‍ കാസ്ട്രോ. അകലങ്ങളിലിരുന്ന് ചുണ്ടില്‍ എരിയുന്ന ചുരുട്ടും തൊപ്പിയുമുള്ള കാസ്ട്രോ ഇടതു, വലതുപക്ഷ ഭേദമില്ലാതെ മലയാളികള്‍ക്ക് പോരാട്ടത്തിന്‍െറയും പ്രതിരോധത്തിന്‍െറയും ചിഹ്നമായിരുന്നു.
അമേരിക്കക്കും സാമ്രാജ്യത്വത്തിനും എതിരായ കൊച്ചുക്യൂബയുടെ പോരാട്ടത്തിന് എന്നും കേരളവും ഒൗഷധവും അന്നവും വസ്ത്രവും ഐക്യദാര്‍ഢ്യമായി എത്തിച്ചിരുന്നു. ക്യൂബന്‍ വിപ്ളവനായകനെയും ക്യൂബന്‍ വിപ്ളവത്തെയും വിമര്‍ശിച്ച തീവ്ര ഇടതുപക്ഷവും വലതുപക്ഷവും ഒഴികെയുള്ളവര്‍ എല്ലാ പ്രതിസന്ധികളിലും ക്യൂബന്‍ മനസ്സിനൊപ്പമായിരുന്നു.
രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷമാണ് ഇതിന് മുന്‍പന്തിയില്‍ നിന്നതെങ്കിലും നേതൃത്വം സി.പി.എമ്മിനായിരുന്നു. ചേരിചേരാ സമ്മേളനത്തിന് ഡല്‍ഹിയിലത്തെിയ കാസ്ട്രോ ഇന്ദിരയെ ‘സഹോദരീ’യെന്ന് വിളിച്ച് ആശ്ളേഷിച്ചത് കോണ്‍ഗ്രസിലെ അന്നത്തെ യുവനിരയെയും ആവേശഭരിതരാക്കിയിരുന്നു.
യു.എസ്.എസ്.ആര്‍ എന്ന കമ്യൂണിസ്റ്റ് സാമ്രാജ്യം വിഘടിച്ച ഘട്ടത്തില്‍, 24 വര്‍ഷം മുമ്പ്, 1992ല്‍ കേരളത്തില്‍ നിന്നടക്കം സ്വരൂപിച്ച 10,000 ടണ്‍ അരിയും 10,000 ടണ്‍ ഗോതമ്പും ക്യൂബയിലേക്ക് കയറ്റി അയച്ചു. കൊല്‍ക്കത്ത തുറമുഖത്ത് നിന്ന് ഇവ കൊണ്ടുപോകാന്‍ ‘കരീബിയന്‍ പ്രിന്‍സസ്’ എന്ന കപ്പല്‍ തന്നെ പോയി. ഇവ ഹവാന തുറമുഖത്തത്തെിയപ്പോള്‍ സി.പി.എമ്മിന്‍െറ അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് നയിച്ച എം.എ. ബേബി ഉള്‍പ്പെടുന്ന സംഘാംഗങ്ങള്‍ സ്വീകരിക്കാനും സന്നിഹിതരായിരുന്നു.
അതിനും മുമ്പ് ഹവാനയില്‍ നടന്നിരുന്ന ലോക യുവജന-വിദ്യാര്‍ഥി മേളയില്‍ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ- ഇടതുപക്ഷ ഇതര യുവ നേതാക്കള്‍ പതിവായി പങ്കെടുത്തിരുന്നു. 1978ല്‍ ഹവാനയില്‍ നടന്ന ഈ മേളയില്‍ പ്രകാശ് കാരാട്ടിനും ബിമന്‍ബസുവിനും മണിക് സര്‍ക്കാറിനും ഒപ്പം കേരളത്തില്‍ നിന്ന് എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം, പാട്യം രാജന്‍, ടി.പി. ദാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രാമുകാര്യാട്ട്, ടി.വി. ബാലന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
അന്ന് മേളയുടെ അവസാനം അപ്രതീക്ഷിതമായി കടന്നുവന്ന് ഈ യുവാക്കളെ ത്രസിപ്പിച്ച ഫിദലിനെക്കുറിച്ചുള്ള അവരുടെ ഓര്‍മകള്‍ ഇങ്ങ് കേരളത്തില്‍ വര്‍ഷങ്ങളോളം നിറഞ്ഞുനിന്നു. പിന്നീട് 1995ല്‍ പി. രാജീവ് അടക്കമുള്ള യുവനേതാക്കള്‍ക്കായി ഈ അനുഭവം.
അമേരിക്കയുടെ ക്യൂബന്‍ഉപരോധത്തില്‍ കേരളത്തിന്‍െറ കൊച്ചുകൈത്താങ്ങായി രൂപവത്കൃതമായ ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതി കാസ്ട്രോ കാലയവനികക്കുള്ളില്‍ മറയുമ്പോഴും നിലനില്‍ക്കുന്നു.
അതായിരുന്നു കാസ്ട്രോ എന്ന മനുഷ്യന്‍ കേരളീയ പൊതുസമൂഹത്തിന്‍െറ മനസ്സില്‍ ചെലുത്തിയ സ്വാധീനം. ക്യൂബന്‍ വിപ്ളവത്തിലെ മറ്റൊരു നായകനായ ചെഗുവേരയുടെ മകള്‍ അലിഡ ചെഗുവേരയെ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലത്തെിക്കുകയും ചെയ്തു. ഒടുവില്‍ അത് വി.എസ്. അച്യുതാനന്ദന്‍ എന്ന നേതാവിന് ‘കേരള കാസ്ട്രോ’ എന്ന പട്ടം ചാര്‍ത്തുന്നതില്‍ വരെ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.