മനുഷ്യൻ മനുഷ്യനെ കൊന്ന് തിന്നുന്ന നിലയിലേക്ക് കേരളം അധപതിച്ചു -കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: നവോത്ഥാന നായകൻമാർ സൃഷ്ടിച്ചെടുത്ത കേരളത്തെ വീണ്ടെടുക്കാൻ യുവമോർച്ച പ്രവർത്തകർ രംഗത്ത് വരണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വെള്ളനാട് യുവമോർച്ച സംസ്ഥാന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. മനുഷ്യൻ മനുഷ്യനെ കൊന്ന് തിന്നുന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണ് ഇന്നത്തെ കേരളം. സാംസ്കാരികമായ അധപതനമാണ് ഇതിന് കാരണം. വിദ്യാഭ്യാസമേഖലയിൽ സ്വാതന്ത്ര്യത്തിന് മുമ്പേ പുരോഗതി കൈവരിച്ചിരുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? എല്ലാ അർത്ഥത്തിലും നമ്മൾ പിന്നോട്ട് പോയിരിക്കുന്നു. ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും അരങ്ങ് തകർക്കുകയാണ്. അക്രമവും ക്രമസമാധാന തകർച്ചയുമാണ് എല്ലായിടത്തുമുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു.
വികസനത്തിന്റെ കാര്യത്തിലാണെങ്കിൽ കേരളം രാജ്യത്ത് ഏറ്റവും പിറകിലാണ്. ഇത് മാറേണ്ടതുണ്ട്. കൂടംകുളത്തിന് തടയിടാൻ ശ്രമിച്ച ശക്തികൾ തന്നെയാണ് വിഴിഞ്ഞത്തിനും എതിരു നിൽക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ലോകത്ത് വലിയ വിപ്ലവങ്ങൾ കൊണ്ടു വന്നത് ചെറു ന്യൂനപക്ഷമാണ്. സ്വാതന്ത്രസമരകാലത്തും അടിയന്തരാവസ്ഥ കാലത്തും അങ്ങനെയായിരുന്നു. പിന്നീട് ആ സമരങ്ങളെല്ലാം ജനങ്ങൾ ഏറ്റെടുത്തു. നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികൾ സംസ്ഥാനത്തെ എല്ലാ യുവാക്കളിലേക്കും എത്തിക്കണമെന്ന് സുരേന്ദ്രൻ യുവമോർച്ചാ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഇതിന് വേണ്ടി പ്രവർത്തകർ അഹോരാത്രം പ്രവർത്തിക്കണം. സമൂഹത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം. അടിസ്ഥാന മൂല്ല്യങ്ങളിലേക്ക് കേരളത്തിലെ ജനങ്ങളെ തിരിച്ച് കൊണ്ടു പോവാൻ യുവാക്കൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, അരുവിക്കര മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, യുവമോർച്ച സംസ്ഥാന ജനറൽസെക്രട്ടറിമാരായ കെ.ഗണേഷ്, ദിനിൽ ദിനേശ്, ജില്ലാ അദ്ധ്യക്ഷൻ സജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.