ലൈംഗികാതിക്രമം അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിലെ മാർഗനിർദേശം: ഹൈകോടതി റിപ്പോർട്ട് തേടി
text_fieldsകൊച്ചി: കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ ലൈംഗികാതിക്രമങ്ങളുടെ ഉള്ളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച മാര്‍ഗനിർദേശങ്ങളിൽ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈകോടതി. നടി ആക്രമണ കേസിന്‍റെ പശ്ചാത്തലത്തിൽ, ഇത്തരം ഡിജിറ്റൽ തെളിവ് സൂക്ഷിക്കുന്നതിൽ ബന്ധപ്പെട്ട കോടതികൾക്കായി സർക്കുലർ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഉപ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഉത്തരവ്.
തിങ്കളാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ജില്ലാ കോടതികളുടെ ചുമതലയുള്ള രജിസ്ട്രാർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്വീകരിച്ച നടപടികൾ സംബന്ധിച്ച് അധികൃതരിൽനിന്ന് വിശദാംശം തേടി റിപ്പോർട്ട് നൽകാൻ പ്രോസിക്യൂഷൻ ഡയറക്ടർക്കും നിർദേശം നൽകി. ഹരജി വീണ്ടും മേയ് 27ന് പരിഗണിക്കും.
നടി ആക്രമണ കേസുമായി ബന്ധെപ്പട്ട മെമ്മറി കാർഡ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടി ഹരജി നൽകിയിരുന്നു. പ്രതിയായ നടൻ ദിലീപ് കക്ഷി ചേരുകയും ചെയ്തു.
കാർഡിന്‍റെ അനധികൃത പരിശോധന സംബന്ധിച്ച് എറണാകുളം സെഷൻസ് കോടതിയുടെ അന്വേഷണത്തിന് കഴിഞ്ഞവർഷം ഡിസംബർ ഏഴിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇത്തരം ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗികാതിക്രമ കേസ് പരിഗണിക്കുന്ന കോടതികൾക്കും ഇത് ലഭ്യമാക്കണമെന്നായിരുന്നു സർക്കാറിന്‍റെ ആവശ്യം. നടി നൽകിയ കേസിലെ എതിർകക്ഷികളായ സംസ്ഥാന സർക്കാർ, ആഭ്യന്തര വകുപ്പ്, ഡി.ജി.പി, എ.ഡി.ജി.പി (ക്രൈംസ്), ആലപ്പുഴ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി എസ്.പി, സംസ്ഥാന ഫോറൻസിക് സയൻസ് ലാബ് എന്നിവരാണ് ഹരജിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.