പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞ സംഭവം; റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: മലപ്പുറം പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടി ഹൈകോടതി. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിലടക്കം വിശദീകരണം നല്‍കണം. തിങ്കളാഴ്‌ച മലപ്പുറം കലക്‌ടർ റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിര്‍ദേശം.
പുതിയങ്ങാടി നേർച്ചയ്ക്കിടെ കഴിഞ്ഞ ദിവസമാണ് ആന ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ കാലില്‍ തൂക്കിയെടുത്ത് എറിയുന്ന വിഡിയോയും പുറത്തുവന്നിരുന്നു. വിഷയം തിങ്കളാഴ്ച പരിഗണിക്കുമ്പോഴാണ് കലക്ടറും സർക്കാരും മറുപടി നൽകേണ്ടത്. ആന ഇടഞ്ഞ സമയം കുഞ്ഞുങ്ങളടക്കം സ്ഥലത്തുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ആന എഴുന്നള്ളത്തിലെ അകലവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിലും സർക്കാർ മറുപടി അറിയിക്കണം. സർക്കാർ അതോറിറ്റി കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തുന്നുവെന്നും ഹൈകോടതി കുറ്റപ്പെടുത്തി.
അതേസമയം പൂർണത്രയീശ ക്ഷേത്രത്തിൽ മാർഗ നിർദേശം ലംഘിച്ച് ആന എഴുന്നള്ളത്ത് നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ ദേവസ്വം ഓഫിസറെ ഹൈകോടതി വീണ്ടും വിമർശിച്ചു.
കോടതി ഉത്തരവ് ലംഘിക്കുന്നതിൽ പൊന്നാടയൊക്കെ കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു വിമർശനം. ദേവസ്വം ഓഫിസര്‍ക്ക് ശക്തമായ താക്കീതും കോടതി നല്‍കി. പൗരന്മാർ നിയമത്തോട് ബഹുമാനം കാട്ടണം. കോമഡി ഷോയല്ല കോടതിയിൽ നടക്കുന്നത്. പത്ത് പേർ ചുറ്റും നിന്നും കയ്യടിക്കുന്നത് കോടതിയെ അവഹേളിക്കാനാണെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.