നാമജപയാത്ര: കേസുകളിലെ തുടർനടപടികൾക്ക് ഹൈകോടതിയുടെ സ്റ്റേ
text_fieldsകൊച്ചി: നാമജപയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകളിലെ തുടർനടപടികൾ ഹൈകോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. സ്‌പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയൻ നേതൃത്വത്തിൽ നടത്തിയ യാത്രയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാൻ സംഘടന വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ഇടക്കാല ഉത്തരവ്.
ആഗസ്റ്റ് രണ്ടിന് പാളയം ഗണപതി ക്ഷേത്രത്തിന് സമീപം ‘ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപയാത്രയെ തുടർന്ന് ആയിരത്തോളം എൻ.എസ്.എസ് പ്രവർത്തകരെ പ്രതി ചേർത്ത് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസ്സപ്പെടുത്തൽ, പൊലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ, റോഡിൽ മാർഗ തടസ്സമുണ്ടാക്കുന്ന തരത്തിലാണ് എൻ.എസ്.എസ് പ്രവർത്തകർ നാമജപയാത്ര നടത്തിയതെന്ന് വ്യാഴാഴ്ച ഹരജി പരിഗണിക്കവെ സർക്കാർ ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെയാണ് നാമജപയാത്ര നടത്തിയത്. ഓൺലൈൻ മുഖേന അപേക്ഷ നൽകിയതല്ലാതെ അനുമതി നേടിയിരുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
എന്നാൽ, നാമം ജപിച്ചുകൊണ്ട് റോഡിലൂടെ നടക്കുകയാണ് ചെയ്‌തതെന്നും കേസെടുത്ത നടപടി ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണെന്നും ഹരജിക്കാർ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.