കെ.എസ്.ആർ.ടി.സിയിൽ പത്താംതീയതിക്കകം ശമ്പളം നൽകണമെന്ന ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ നിലവിൽ ചെയ്യുന്നതുപോലെ ശമ്പളം രണ്ട് ഗഡുക്കളായി നൽകുന്നതിന് താൽക്കാലികാനുമതിയായി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ സ്റ്റേ.
അപ്പീൽ ഹരജി രണ്ടുമാസത്തിനുശേഷം വീണ്ടും പരിഗണിക്കും.ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ശമ്പളം ഒന്നിച്ച് നൽകാനാവില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. രണ്ട് പതിറ്റാണ്ടായി കോർപറേഷൻ നഷ്ടത്തിലാണ്. വരുമാനത്തിന്റെ നല്ല പങ്ക് ശമ്പളത്തിനും പെൻഷനുമാണ് വിനിയോഗിക്കുന്നത്. വായ്പയെടുത്ത തുകയും സർക്കാർ സഹായവും ഉള്ളതിനാലാണ് മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ രണ്ട് ഗഡുക്കളായി ശമ്പളം നൽകാനുള്ള സർക്കുലർ ജീവനക്കാർ കോടതിയിൽ ചോദ്യംചെയ്തെങ്കിലും സ്റ്റേ അനുവദിച്ചില്ല. ജീവനക്കാരുടെ അഭിപ്രായം തേടിയിരുന്നെങ്കിലും ആരും എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എല്ലാ മാസവും പത്തിനകം ശമ്പളം നൽകണമെന്ന് 2023 ആഗസ്റ്റ് 24ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.